കര്‍ണാടകയിലെ ചരിത്ര പ്രസിദ്ധമായ മദ്റസയില്‍ അതിക്രമിച്ചുകയറി പൂജ നടത്തി; ഒൻപത് പേര്‍ക്കെതിരെ കേസ്

ബെംഗളൂരു: കര്‍ണാടകയിലെ ബീദറില്‍ ദസറ ആഘോഷത്തിനിടെ ആള്‍ക്കൂട്ടം മദ്റസയില്‍ അതിക്രമിച്ചു കയറി പൂജ നടത്തിയെന്ന് പരാതി. ചരിത്ര പ്രസിദ്ധമായ മഹ്മൂദ് ഗവാന്‍ മദ്റസ പരിസരത്ത് അതിക്രമിച്ച് കയറിയാണ് ആള്‍ക്കൂട്ടം പൂജ നടത്തിയതും മുദ്രാവാക്യം വിളിച്ചതും. 1460-കളില്‍ പണികഴിപ്പിച്ച മദ്റസ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലും മദ്റസ ഉള്‍പ്പെടുന്നു. സംഭവത്തില്‍ ബീദര്‍ പൊലീസ് ഒമ്ബത് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കുറ്റക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് മുസ്ലീം സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. പ്രതികളെ പിടികൂടുമെന്ന് പൊലീസ് നല്‍കിയ ഉറപ്പിലാണ് മുസ്ലിം സംഘടനാ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
ബുധനാഴ്ച വൈകീട്ടാണ് ജനക്കൂട്ടം മദ്റസയുടെ പൂട്ട് തകര്‍ത്ത് അകത്തുപ്രവേശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോയും പ്രചരിച്ചു. മദ്റസ പ്രദേശത്ത് പ്രവേശിച്ച ആള്‍ക്കൂട്ടം കോണിപ്പടിയില്‍ കയറി മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും പൂജ നടത്താനായി ഒരു ഭാഗത്തേക്ക് പോകുന്നതും വീഡിയോയില്‍ കാണാം. ജനക്കൂട്ടം കെട്ടിടത്തിനുള്ളില്‍ കയറാനും ശ്രമിച്ചു. സംഭവത്തെ അപലപിച്ചും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ബീദറില്‍ നിന്നുള്ള നിരവധി മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. സംഭവത്തെ തുടര്‍ന്ന് പൊലീസ് പ്രദേശത്തെ സുരക്ഷ കര്‍ശനമാക്കി. സയ്യിദ് മുബാഷിര്‍ അലി എന്നയാളുടെ പരാതിയെ തുടര്‍ന്ന് നരേഷ് ഗൗളി, പ്രകാശ്, വിനു, മന്ന, സാഗര്‍ ബന്തി, ജഗദീഷ് ഗൗളി, അരുണ്‍ ഗൗലി, ഗോരഖ് ഗൗളി, പേരറിയാത്ത ഒരാള്‍ എതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തി. മുസ്‌ലീങ്ങളെ അപമാനിക്കാന്‍ ബിജെപി ഇത്തരം സംഭവങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കര്‍ണാടകയിലെ ചില ഭാഗങ്ങള്‍ വര്‍ഗീയ പരീക്ഷണങ്ങള്‍ക്കായി ബിജെപി മാറ്റുകയാണെന്നും ചിലര്‍ ആരോപിച്ചു. ഹിജാബ് വിവാദത്തെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. കഴിഞ്ഞ ഓഗസ്റ്റില്‍ ഹുബ്ബള്ളിയിലെ ഈദ്ഗാഹ് ഗ്രൗണ്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷിച്ചതും വിവാദമായിരുന്നു.

