KSDLIVENEWS

Real news for everyone

അമിതവേഗത്തിലെന്ന് 19 തവണ അറിയിച്ചിട്ടും ഇടപെട്ടില്ല; ബസ് ഉടമയും അറസ്റ്റിൽ

SHARE THIS ON

പാലക്കാട്∙ വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഉടമ അറസ്റ്റിൽ. കോട്ടയം പാമ്പാടി പങ്ങട സ്വദേശി അരുൺ ആണ് പാലക്കാട്ട് പിടിയിലായത്. ബസ് അമിതവേഗത്തിലെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. അമിത വേഗതയെക്കുറിച്ച് 19 തവണയാണ് അരുണിന് അലർട്ട് ലഭിച്ചത്. ഡ്രൈവർ ജോമോനെ രക്ഷപ്പെടാനും അരുൺ സഹായിച്ച‌ു.

അതേസമയം, വെള്ളിയാഴ്ച സംസ്ഥാനത്ത് 134 ബസുകൾക്കെതിരെ മോട്ടർ വാഹന വകുപ്പ് നടപടിയെടുത്തു. വേഗപ്പൂട്ടിലെ കൃത്രിമം, അനധികൃത രൂപമാറ്റം ഉൾപ്പെടെ വ്യാപക ക്രമക്കേട് കണ്ടെത്തി. ആകെ 2.16 ലക്ഷം രൂപ പിഴ ഈടാക്കി. 10 ദിവസം പരിശോധന നീണ്ടുനിൽക്കും. എറണാകുളം കാക്കനാട് എത്തിയ 20 ടൂറിസ്റ്റ് ബസുകൾക്ക് പിഴയിട്ടു. ആലപ്പുഴയിൽ 36 ബസുകൾക്കെതിരെ നടപടിയെടുത്തു. കണ്ണൂരിലും പരിശോധന ശക്തമാക്കി. ഇടുക്കി വണ്ടിപ്പെരിയാറിൽ 13 ബസുകൾക്കെതിരെ നടപടിയെടുത്തു.

ഭൂരിഭാഗം ടൂറിസ്റ്റ് ബസുകളിലും കാതടിപ്പിക്കുന്ന എയർഹോണുകളും നമ്പർ പ്ലേറ്റുകൾ മറച്ച നിലയിലുമാണ്. നികുതിയടക്കാതെയും ബസുകൾ യാത്ര ചെയ്യുന്നുണ്ട്. കാക്കനാട് എത്തിയ നാല് ബസുകളിൽ വേഗപ്പൂട്ട് വിച്ഛേദിച്ച നിലയിലാണ്. ബസുകളിൽ ലേസർ ലൈറ്റുകളും ഭീമൻ സബ് വൂഫറുകളും സ്മോക് മെഷീനുകളും ഘടിപ്പിച്ചിട്ടുണ്ട്. ബസുകളുടെ യാത്ര കഴിഞ്ഞാൽ ഇവ പൂർണമായി നീക്കംചെയ്യാൻ നിർദേശമുണ്ട്. കുറ്റം ആവർത്തിച്ചാൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!