ആ ദുരൂഹമരണം തന്റെ സഹോദരന്റേതാണെങ്കില് അമിത് ഷാ അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരട്ടെ-കാരാട്ട് റസാഖ്

കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം പരാമർശിച്ച ദുരൂഹമരണത്തെ സംബന്ധിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു ദുരൂഹമരണത്തെക്കുറിച്ച് അന്വേഷണം നടത്തിയോ എന്ന അമിത് ഷായുടെ ചോദ്യമാണ് പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിനിടെ, അമിത് ഷാ പരാമർശിച്ച ദുരൂഹമരണം കൊടുവള്ളി എം.എൽ.എ. കാരാട്ട് റസാഖിന്റെ സഹോദരന്റെ അപകടമരണമാണെന്ന് സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരണമുണ്ടായി. എന്നാൽ സഹോദരന്റെ അപകടമരണത്തിൽ യാതൊരു സംശയമോ ദുരൂഹതയോ ഇല്ലെന്ന് കാരാട്ട് റസാഖ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
‘സഹോദരന്റെ മരണത്തെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന പലതും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അപകടമരണം നടന്നിട്ട് രണ്ടരവർഷമായി. അന്ന് എഫ്.ഐ.ആർ ഇടാൻ അല്പം വൈകി എന്നതൊഴിച്ചാൽ മറ്റൊന്നുമില്ല. ഇനി അമിത് ഷാ പറഞ്ഞത് എന്റെ സഹോദരന്റെ മരണത്തെ ഉദ്ദേശിച്ചാണെങ്കിൽ അത് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരേണ്ടതും അവരാണ്. ഉത്തരവാദിത്തപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആളാണല്ലോ ഇങ്ങനെ പറഞ്ഞത്. അതിനാൽ ദുരൂഹതയുണ്ടെങ്കിൽ അന്വേഷിക്കട്ടെ. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു’- കാരാട്ട് റസാഖ് പറഞ്ഞു.
2018 ഒക്ടോബറിലാണ് കാരാട്ട് റസാഖിന്റെ സഹോദരൻ അബ്ദുൾ ഗഫൂർ താമരശ്ശേരി ചുങ്കം ജങ്ഷനിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന രണ്ട് കൊടുവള്ളി സ്വദേശികൾക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തു. അബ്ദുൾ ഗഫൂറും സംഘവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞദിവസം അമിത്ഷാ നടത്തിയ പരാമർശത്തോടെയാണ് ഈ അപകടമരണം വീണ്ടും ചർച്ചയാകുന്നത്.
ഞായറാഴ്ച നടന്ന വിജയയാത്ര സമാപന വേദിയിൽവെച്ചാണ് അമിത് ഷാ ദുരൂഹമരണ പരാമർശം നടത്തിയത്. ഡോളർ-സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോടായി അമിത് ഷാ എട്ട് ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിച്ചിരുന്നു. ‘ഇതുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ഒരു മരണത്തെ കുറിച്ച് അന്വേഷണം നടത്തിയോ’ എന്നായിരുന്നു ഷായുടെ ഒരു ചോദ്യം. എന്നാൽ അമിത് ഷാ പരാമർശിച്ച ദുരൂഹമരണത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. പറഞ്ഞത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. അദ്ദേഹം തന്നെ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. അമിത് ഷായുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

