KSDLIVENEWS

Real news for everyone

കേരളത്തില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം; പാലക്കാട് യുവാവിനെ തല്ലിക്കൊന്നു

SHARE THIS ON

പാലക്കാട്: പാലക്കാട് ഒലവക്കോട് ആള്‍ക്കൂട്ടം യുവാവിനെ തല്ലിക്കൊന്നു. മലമ്ബുഴ കടുക്കാംകുന്നം സ്വദേശി റഫീഖാണ് ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ പാലക്കാട് നോര്‍ത്ത് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം അടുത്തുള്ള ബാറില്‍ മദ്യപിക്കാന്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ ഇവര്‍ വന്ന ബൈക്ക് അവിടെയുണ്ടായിരുന്നില്ല. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരാള്‍ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു. ബൈക്ക് മോഷ്ടാവിനായുള്ള തെരച്ചലിനിടെയാണ് റഫീക്ക് ഇവരുടെ മുന്നില്‍പ്പെടുന്നത്. ബൈക്ക് കൊണ്ടുപോയ ആള്‍ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീക്ക് ധരിച്ചിരുന്നത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മര്‍ദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീക്ക് തന്നെയാണോയെന്നതില്‍ വ്യക്തതയില്ല.


റഫീക്ക് നേരത്തെയും മോഷണക്കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. 2018ല്‍ പാലക്കാട് നോര്‍ത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ്. ഇതേ വര്‍ഷം കഞ്ചാവു കടത്ത് കേസിലും അറസ്റ്റിലായി. പാലക്കാട് കസബ സ്റ്റേഷനിലും കേസുകളുണ്ടെന്നാണ് ഉദ്യോഗസ്ഥ‌ര്‍ പറയുന്നത്.

പതിനഞ്ചോളം പേര്‍ റഫീക്ക് അടിയേറ്റ് വീഴുമ്ബോള്‍ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷി നല്‍കുന്ന വിവരം. ഇയാള്‍ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പൊലീസ് എത്തിയ ശേഷം കൂടി നിന്നവരും പൊലീസുദ്യോഗസ്ഥരും ചേര്‍ന്നാണ് റഫീക്കിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!