അഭിപ്രായം പറയാൻ അവകാശമുണ്ട്’: സനാതന ധർമ വിവാദത്തിൽ ഉദയനിധിക്ക് പിന്തുണയുമായി കമൽഹാസൻ

ചെന്നൈ∙ ‘സനാതന ധർമ’ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് പിന്തുണയുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. സ്വന്തം അഭിപ്രായം പറയാൻ ഉദയനിധി സ്റ്റാലിന് അവകാശമുണ്ടെന്ന് കൽഹാസൻ പറഞ്ഞു. വിഷയത്തിൽ കൽഹാസന്റെ ആദ്യപ്രതികരണമാണ്. ‘‘നിങ്ങൾ അദ്ദേഹത്തിന്റെ വീക്ഷണത്തോട് വിയോജിക്കുന്നുവെങ്കിൽ, അക്രമ ഭീഷണികളോ നിയമപരമായ ഭീഷണിപ്പെടുത്തൽ തന്ത്രങ്ങളോ അവലംബിക്കുന്നതിന് പകരം സനാതനത്തിന്റെ ഗുണം ഉയർത്തി സംവാദമാകാം. അല്ലാതെ സങ്കുചിത രാഷ്ട്രീയ നേട്ടങ്ങൾക്കായി വാക്കുകൾ വളച്ചൊടിക്കുകയല്ല വേണ്ടത്. യഥാർഥ ജനാധിപത്യത്തിന്റെ മുഖമുദ്ര, വിയോജിക്കാനും തുടർച്ചയായ ചർച്ചകളിൽ ഏർപ്പെടാനുമുള്ള പൗരന്മാരുടെ കഴിവാണ്’’– അദ്ദേഹം എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. ആരോഗ്യകരമായ സംവാദങ്ങൾക്ക് തമിഴ്നാട് എന്നും വേദിയായിട്ടുണ്ടെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന ഒരു പരിപാടിക്കിടെയാണ് ഉദയനിധി സനാതന ധർമത്തെ പകർച്ചാവ്യാധികളായ ഡെങ്കിപ്പനിയുമായും മലേറിയയുമായും ഉപമിച്ചത്. ഇത്തരം കാര്യങ്ങൾ എതിർക്കരുത്, നശിപ്പിക്കുകയാണ് വേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു. പിന്നാലെ, ഉദയനിധിക്ക് ഉചിതമായ മറുപടി നൽകാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ‘ഉദയനിധി എന്താണ് സംസാരിച്ചതെന്ന് അറിയാതെ പ്രധാനമന്ത്രി അഭിപ്രായപ്രകടനം നടത്തുന്നത് അന്യായമാണെന്ന്’ പറഞ്ഞിരുന്നു. L

