KSDLIVENEWS

Real news for everyone

ജി 20 ഉച്ചകോടി: ബൈഡന്‍ ഇന്ത്യയില്‍, പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

SHARE THIS ON

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥ്യംവഹിക്കുന്ന പതിനെട്ടാമത് ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള ലോകനേതാക്കള്‍ ഇന്ത്യയില്‍. ബൈഡനുമായി എയര്‍ഫോഴ്‌സ് വണ്‍ വിമാനം രാത്രി ഏഴുമണിയോടെയാണ് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. കേന്ദ്രസഹമന്ത്രി ജനറല്‍ വി.കെ സിങ് അടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തി. അമേരിക്കന്‍ പ്രസിഡന്റായശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഹൈദരാബാദ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ മൗര്യ ഷെറാട്ടണ്‍ ഹോട്ടലിലാകും ബൈഡന്‍ താമസിക്കുക. ബൈഡന് പുറമെ യു.കെ പ്രധാനമന്ത്രി ഋഷി സുനാക് അടക്കമുള്ള നിരവധി നേതാക്കള്‍ ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സെപ്റ്റംബര്‍ ഒന്‍പത്, 10 തീയതികളിലാണ് ജി 20 ഉച്ചകോടി. ശനിയാഴ്ച വിശിഷ്ടാതിഥികള്‍ക്കായി രാഷ്ട്രപതി ദ്രൗപദി മുര്‍മു അത്താഴവിരുന്ന് നല്‍കും. ഉച്ചകോടിയില്‍ ചര്‍ച്ചചെയ്യുന്ന ആഗോള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സമീപനം വ്യക്തമാക്കി ഞായറാഴ്ച നേതാക്കള്‍ സംയുക്തപ്രസ്താവന പുറപ്പെടുവിക്കും. ഞായറാഴ്ച രാവിലെ ജി-20 നേതാക്കള്‍ രാജ്ഘട്ടിലെ മഹാത്മാഗാന്ധി സമാധിയും സന്ദര്‍ശിക്കും. വെള്ളിയാഴ്ചമുതല്‍ തിങ്കളാഴ്ച വരെ ഡല്‍ഹി സുരക്ഷാ സംവിധാനങ്ങളുടെ കോട്ടയ്ക്കുള്ളിലാണ്. ആകാശ നിരീക്ഷണവുമുണ്ട്. സെന്‍ട്രല്‍ ഡല്‍ഹിയില്‍ റോഡ് മാര്‍ഗമുള്ള പൊതുഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. മെട്രോ ട്രെയിന്‍ സര്‍വീസിന് മുടക്കമില്ല. വിദ്യാലയങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധിനല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!