KSDLIVENEWS

Real news for everyone

ദേശീയപാതയിലെ പാർക്കിങ്; സംസ്ഥാന സർക്കാരിന് വീഴ്ച, നടപടി തുടങ്ങിയില്ല

SHARE THIS ON

തിരുവനന്തപുരം: നിർമാണത്തിലുള്ള ആറുവരി ദേശീയ പാതയ്ക്കരികിൽ പാർക്കിങ് സൗകര്യം ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ സെക്ഷൻ 135 പ്രകാരം വഴിയോരവിശ്രമകേന്ദ്രങ്ങളും പാർക്കിങ് സൗകര്യവും സജ്ജീകരിക്കേണ്ടത് സംസ്ഥാനമാണ്. സർക്കാർ നേരിട്ടോ, സ്വകാര്യപങ്കാളിത്തത്തോടെയോ തുടങ്ങണം. ഇതിനായി ചട്ടം രൂപവത്കരിക്കണം. സംസ്ഥാനത്ത് അതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ല.

60 കിലോമീറ്ററിൽ ഒരു വഴിയോര വിശ്രമകേന്ദ്രമാണ് ഒരുക്കേണ്ടത്. സംസ്ഥാനത്തെ സ്ഥലദൗർലഭ്യം കണക്കിലെടുത്ത് 100 കിലോമീറ്ററിൽ ഒരെണ്ണം എന്നാക്കിയിരുന്നു. മഞ്ചേശ്വരം മുതൽ കഴക്കൂട്ടംവരെ 10 വിശ്രമസങ്കേതങ്ങളെങ്കിലും ഒരുക്കേണ്ടതുണ്ട്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹൈവേ വിഭാഗം കാലിക്കറ്റ് സർവകലാശാലയുടെ 1.4 ഹെക്ടർ ആവശ്യപ്പെട്ടെങ്കിലും തുടർനടപടിയുണ്ടായില്ല

ട്രക്ക് പാർക്കിങ്, ഭക്ഷണശാലകൾ, ശൗചാലയങ്ങൾ, ഡോർമിറ്ററികൾ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. നിലവാരം നിശ്ചയിക്കാനും പാർക്കിങ് ഫീസ് നിശ്ചയിക്കാനുമാണ് ചട്ടം. ഭൂമി ലഭ്യമാകുന്ന മേഖലകളിൽ തുടങ്ങാനാകും. ഇവയിലേക്ക് ദേശീയപാതാവിഭാഗം വഴിയൊരുക്കും. വാണിജ്യസാധ്യതയുള്ളതിനാൽ ദേശീയപാതാവിഭാഗം നേരിട്ടും ഇത്തരം സൗകര്യമൊരുക്കാറുണ്ട്. വാണിജ്യസ്ഥാപനങ്ങൾക്കും സാധ്യതയുണ്ടെന്നതിനാൽ സ്വകാര്യപങ്കാളിത്തത്തോടെയും തുടങ്ങാം.

തൃശ്ശൂർ കയ്പമംഗലത്ത് ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്കുപിന്നിൽ കാറിടിച്ച് എട്ടുജീവനുകളാണ് നഷ്ടമായത്.

സ്ഥലം ഏറ്റെടുത്ത് നൽകും -മന്ത്രി പി.കെ. ബഷീർ

വഴിയോരവിശ്രമകേന്ദ്രങ്ങൾക്കും ട്രക്ക് പാർക്കിങ്ങിനും സ്ഥലമേറ്റെടുത്തുനൽകാൻ സർക്കാർ തയ്യാറാണ്. ഉപയോഗശൂന്യമായ പഴയ ദേശീയപാതയുടെ ഭാഗങ്ങൾ പരിഗണനയിലുണ്ട്. ചൊവ്വാഴ്ച യോഗം ചേരും. പോലീസ് മേധാവി, ഗതാഗത കമ്മിഷണർ, ദേശീയപാതാ അധികൃതർ, നാറ്റ്പാക്, റോഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, കളക്ടർമാർ എന്നിവർ പങ്കെടുക്കും.

error: Content is protected !!