ഇന്നും നാളെയും പൊള്ളും; സാധാരണയിലും 4 ഡിഗ്രി വരെ ഉയർന്ന ചൂട്, 10 മുതൽ മഴയെന്ന് പ്രവചനം

തിരുവനന്തപുരം ∙ കേരളത്തിൽ നിലവിൽ കാലവർഷം ദുർബലമെങ്കിലും വരും ദിവസങ്ങളിൽ മഴ കൂടുമെന്നാണ് പ്രവചനം . ഇന്നും നാളെയും ചൂട് ഇതേപടി തുടരും. 10 മുതൽ ഒറ്റപ്പെട്ടതും ശക്തവുമായ മഴ ലഭിച്ചേക്കും. ഒപ്പം സാധാരണയിലും 4 ഡിഗ്രി വരെ ഉയർന്ന ചൂടും ആർദ്രതയും അനുഭവപ്പെടും. 10, 11 തീയതികളിൽ വ്യാപകമായി മഴ ലഭിക്കാം.
10ന് ആലപ്പുഴ, എറണാകുളം ജില്ലകളിലും 11ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ചൂട് തുടരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

