ഉദ്യോഗസ്ഥരുടെ ഇഷ്ടത്തിനനുസരിച്ച് തുള്ളുന്നവരല്ല ഇടതുപക്ഷ മന്ത്രിമാര്‍; എംപിയുടെ പ്രസംഗത്തിലിടപെട്ട് റിയാസ്

കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന് പ്രസംഗിക്കുന്നതിനിടെ ഇടപെട്ട് മറുപടി നല്കി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. പൊതുപരിപാടിക്കിടെയാണ് മന്ത്രി റിയാസ് ഉണ്ണിത്താന് മറുപടി നല്‍കിയത്. മന്ത്രിമാരെ വഷളാക്കാന്‍ കുറേ അവതാരങ്ങള്‍ വരുമെന്നും മന്ത്രിമാരെ വഷളാക്കുന്നത് ഇത്തരം അവതാരങ്ങളായ ഉദ്യോഗസ്ഥരാണെന്നും ഉണ്ണിത്താന് പ്രസംഗത്തില്‍ പറഞ്ഞു. ‘അവതാരങ്ങള്‍ക്ക് അവതാര ലക്ഷ്യമുണ്ട്. അവര്‍ അടുത്ത ഭരണം വരുമ്ബോള്‍ അവരെ പിടിക്കും. അത് അവരുടെ സ്ഥിരം ജോലിയാണ്. വാദിയെ പ്രതിയാക്കണോ പ്രതിയെ വാദിയാക്കാണോ എന്തിനും അവര്‍ തയ്യാറാണ്. അതുകൊണ്ട് മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം എന്ന് പറഞ്ഞ് ആളുകളെ സ്തുതി പാടുന്ന ഈ പണി അവസാനിപ്പിക്കണം’- എന്നായിരുന്നു ഉണ്ണിത്താന് പറഞ്ഞത്. പ്രസംഗത്തിനിടെ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് വേദിയിലിരുന്ന മന്ത്രി റിയാസ് പറഞ്ഞു. എംപി അനുവാദവും നല്കി. തുടര്‍ന്നായിരുന്നു റിയാസിന്റെ മറുപടി.
ഉണ്ണിത്താന് പറഞ്ഞതൊക്കെ ശരിയാണ്. എന്നാല്‍, ഉദ്യോഗസ്ഥര്‍ പറയുന്നതിനനുസരിച്ച് തുള്ളുകയോ അതിന്റെ കുഴിയില്‍ വീഴുകയോ ചെയ്യുന്നവരല്ല ഇടതുപക്ഷ മന്ത്രിമാരെന്ന് അങ്ങൊന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്ന് റിയാസ് പറഞ്ഞു. ഇതിന് ശേഷം സ്വന്തം ഇരിപ്പിടത്തിലേക്ക് പോയി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.Q

