മുതിര്‍ന്ന ബിജെപി നേതാക്കളുടെ കാല് കഴുകി തുടച്ച് അസം മുഖ്യമന്ത്രി

ദിസ്പുര്‍: മുതിര്‍ന്ന ബിജെപി നേതാക്കളുടെ കാല് കഴുകിത്തുടച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഇത് ബിജെപിയുടെ പാരമ്ബര്യം ആണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. കാല് കഴുകി തുടയ്ക്കുന്നതിന്റെ വീഡിയോ ഹിമന്ത ബിശ്വ ശര്‍മ തന്നെ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവച്ചിട്ടുണ്ട്.
മുതിര്‍ന്നവരോട് ബഹുമാനം കാണിക്കുന്നത് ബിജെപിയുടെ പാരമ്ബര്യത്തിന്റെ ആണിക്കല്ലാണെന്നും മുതിര്‍ന്ന നേതാക്കളുടെ പാദങ്ങള്‍ കഴുകിയതില്‍ തനിക്ക് അഭിമാനമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശര്‍മ തറയിലിരുന്ന് മുതിര്‍ന്ന നേതാവിന്റെ പാദങ്ങള്‍ കഴുകുന്നതും തുണികൊണ്ട് തുടയ്ക്കുന്നതും വീഡിയോയില്‍ കാണാം.
തുടര്‍ന്ന് മുഖ്യമന്ത്രി നേതാവിന്റെ കാല് തൊട്ട് അനുഗ്രഹവും തേടി. മുതിര്‍ന്നവരോട് ആദരവ് കാണിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ധാര്‍മികയാണെന്നും ഹിമന്ത ബിശ്വ ട്വീറ്റ് ചെയ്തു.
“അസമില്‍ ആദ്യഘട്ടത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ സഹായിച്ച ബഹുമാന്യരായ മുതിര്‍ന്ന ബിജെപി നേതാക്കളുടെ കാലുകള്‍ കഴുകിയതില്‍ ബഹുമാനമുണ്ട്”- മുഖ്യമന്ത്രി ട്വിറ്ററില്‍ പറയുന്നു. ശനിയാഴ്ച ഗുവാഹത്തിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയും പങ്കെടുക്കുന്ന പുതിയ പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം.

