ഇസ്രയേലിന്റെ ക്രൂരമനസ് ; വ്യോമാക്രമണം ഭയന്ന് ജനങ്ങള്‍; പലായനം ചെയ്യുന്നവരെയും വെടിവച്ച് വീഴ്ത്തുന്നെന്ന് ഗാസക്കാര്‍

ഗാസാസിറ്റി: ഒരിക്കല്‍ ഗാസയിലെ ഏറ്റവും തിരക്കുണ്ടായിരുന്ന വഴികളിലൂടെ നടന്നും കഴുതവണ്ടികളിലും കഴിയുംവേഗം തെക്കോട്ടേക്കു നീങ്ങുകയാണ് പലസ്തീന്‍കാര്‍. ഇസ്രയേല്‍ പട്ടാളത്തിന്റെ ടാങ്കുകളുടെ അടുത്തുകൂടി പോകുമ്പോള്‍ ജീവിക്കാന്‍ അനുവദിക്കണമേ എന്ന പ്രാര്‍ഥനപോലെ അവര്‍ വെള്ളക്കൊടികള്‍ വീശും. എന്നിട്ടും നിരായുധരായ അവരെ ഇസ്രയേല്‍ പട്ടാളം വെടിവെച്ചിടുന്നുവെന്ന് റിപ്പോര്‍ട്ട്. അങ്ങനെ മരിച്ചുവീണവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ ഗാസയിലെ ആംബുലന്‍സുകള്‍ക്ക് അകമ്പടി സേവിക്കണമെന്ന് റെഡ്‌ക്രോസിനോട് അഭ്യര്‍ഥിച്ചിരിക്കുന്നു ഗാസയിലെ ആരോഗ്യമന്ത്രാലയം. ഹമാസിന്റെ പ്രധാനതാവളമെന്നു പറയുന്ന ഗാസാസിറ്റി വളഞ്ഞ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയതോടെയാണ് വടക്കന്‍ ഗാസക്കാര്‍ ഓടിപ്പോകുന്നത്. കരയാക്രമണം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇവിടം ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം കഴിഞ്ഞദിവസങ്ങളിലും നാട്ടുകാരോട് നിര്‍ദേശിച്ചിരുന്നു. മുന്‍പു നല്‍കിയ നിര്‍ദേശം ഒട്ടേറെപ്പേര്‍ അനുസരിച്ചെങ്കിലും മൂന്നരലക്ഷത്തോളം പേര്‍ ഇപ്പോഴും അവിടെയുണ്ടെന്നാണ് യു.എസിന്റെ അനുമാനം. ഇവര്‍ക്ക് ഒഴിഞ്ഞുപോകാന്‍ സുരക്ഷിതപാതയൊരുക്കാന്‍ ശ്രമിക്കുന്ന സൈനികര്‍ക്കുനേരെ ഹമാസ് വെടിയുതിര്‍ക്കുന്നുവെന്ന് ഇസ്രയേല്‍ സൈന്യം പറയുന്നു. നാട്ടുകാരെ ഹമാസ് മനുഷ്യകവചങ്ങളായി ഉപയോഗിക്കുന്നുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഗാസയുടെ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കും -നെതന്യാഹു ഗാസ സിറ്റി: ഹമാസുമായുള്ള യുദ്ധം അവസാനിച്ചശേഷം ഗാസയുടെ പൂര്‍ണമായ സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തിങ്കളാഴ്ച പറഞ്ഞു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. ഹമാസിനെ നശിപ്പിക്കാതെ യുദ്ധത്തില്‍നിന്ന് പിന്മാറില്ലെന്നും വ്യക്തമാക്കി. ഗാസയിലെ യുദ്ധം ഒരുമാസം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ യു.എസ്. വാര്‍ത്താ ചാനലായ എ.ബി.സി. ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു നയം വ്യക്തമാക്കിയത്. ”ഗാസയുടെ സമ്പൂര്‍ണ സുരക്ഷാനിയന്ത്രണം വീണ്ടെടുക്കുംവരെ യുദ്ധം തുടരും. അനിശ്ചിതകാലത്തേക്ക് ഗാസയുടെ സുരക്ഷാ ഉത്തരവാദിത്വം ഇസ്രയേല്‍ ഏറ്റെടുക്കും. അതു ഞങ്ങളുടെ കൈയിലില്ലെങ്കില്‍ നമുക്ക് സങ്കല്പിക്കാന്‍ കഴിയുന്നതിലും വലിയരീതിയില്‍ ഹമാസ്ഭീകരതയുടെ പൊട്ടിത്തെറിയുണ്ടാകും” -അദ്ദേഹം പറഞ്ഞു. 1967-ലെ ആറുദിന അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഗാസ പിടിച്ചെടുത്ത ഇസ്രയേല്‍ 2005-ലാണ് അവിടെനിന്ന് സൈന്യത്തെ പിന്‍വലിച്ചത്. പിറ്റേവര്‍ഷം ഗാസയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഹമാസ് ജയിച്ചു. 2007-ല്‍ ഗാസയുടെ നിയന്ത്രണം പൂര്‍ണമായി ഹമാസിന്റെ കൈയിലായി. വെടിനിര്‍ത്തില്ല; ചെറുവിരാമമാകാം ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്ന 240-ഓളംപേരെ വിട്ടുകൊടുക്കാതെ ഗാസയില്‍ വെടിനിര്‍ത്തില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍, ചില പ്രദേശങ്ങളിലായി ഒരുമണിക്കൂര്‍ ആക്രമണം നിര്‍ത്തിവെക്കാം. സാഹചര്യങ്ങള്‍ നോക്കി ജീവകാരുണ്യസഹായത്തിന് വഴിയൊരുക്കാമെന്നു കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗാസയിലുള്ളവര്‍ക്ക് അവശ്യവസ്തുക്കളെത്തിക്കാന്‍ യുദ്ധത്തിന് ചെറുവിരാമം വേണമെന്ന് ഇസ്രയേലിന്റെ പ്രധാന സഖ്യകക്ഷിയായ യു.എസ്. ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വെടിനിര്‍ത്തലാണ് യു.എന്നും മറ്റ് ഒട്ടേറെ രാജ്യങ്ങളും ആവശ്യപ്പെടുന്നത്. സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട കക്ഷികളുടെ സമ്മതത്തോടെ ഏറ്റുമുട്ടല്‍ തത്കാലത്തേക്കു നിര്‍ത്തിവെക്കുക എന്നാണ് വെടിനിര്‍ത്തലിന് യു.എന്‍. നല്‍കുന്ന നിര്‍വചനം. രണ്ടുകൂട്ടരുമായി ചര്‍ച്ചചെയ്തുണ്ടാക്കുന്ന ഉടമ്പടിയാണിത്. എന്നാല്‍, സഹായങ്ങള്‍ എത്തിക്കാന്‍വേണ്ടിമാത്രം യുദ്ധഭൂമിയിലെ ചിലയിടങ്ങളില്‍ അല്പനേരത്തേക്ക് ഏറ്റുമുട്ടല്‍ നിര്‍ത്തുക എന്നതാണ് യു.എസ്. ഉദ്ദേശിക്കുന്നത്. തെക്കന്‍ ഗാസയിലും ആക്രമണം ഗാസാസിറ്റി: ഗാസയെ രണ്ടായി വിഭജിച്ച് ഹമാസിനുനേരെയുള്ള ആക്രമണം ശക്തമാക്കിയ ഇസ്രയേല്‍ തെക്കന്‍ ഗാസയിലും ചൊവ്വാഴ്ച ബോംബിട്ടു. വടക്കന്‍ ഗാസയില്‍നിന്നുള്ള അഭയാര്‍ഥികള്‍ തങ്ങുന്ന ഖാന്‍ യൂനിസ് നഗരത്തിലും ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്ന റാഫയിലുമാണ് വ്യോമാക്രമണം നടത്തിയത്. മധ്യ ഗാസയിലെ ഡൈര്‍ അല്‍ ബലയിലും ആക്രമണമുണ്ടായി. ഒക്ടോബര്‍ ഏഴിന് യുദ്ധം തുടങ്ങിയശേഷം ചൊവ്വാഴ്ചവരെ 10,328 പലസ്തീന്‍കാര്‍ ഗാസയില്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 4,237 പേര്‍ കുട്ടികളാണ്. 25,965 പേര്‍ക്ക് പരിക്കേറ്റു. ഇസ്രയേലിന്റെ ഉപരോധം നേരിടുന്ന ഗാസയിലേക്ക് ഒക്ടോബര്‍ 21-നുശേഷം ആകെ 569 ലോറി സാധനങ്ങളെത്തി. ഇന്ധനമൊഴികെയുള്ള സാധനങ്ങള്‍ക്കേ ഇസ്രയേലിന്റെ അനുമതിയുള്ളൂ. ഹമാസ് 1400 ഇസ്രയേല്‍കാരെ വധിച്ച് ഒരുമാസം തികഞ്ഞ ദിനമായ ചൊവ്വാഴ്ച രാജ്യമെങ്ങും അനുസ്മരണം നടന്നു. അന്ന് ഹമാസ് ബന്ദികളാക്കിയവരില്‍ 240 പേരെ ഇപ്പോഴും വിട്ടയച്ചിട്ടില്ല. ഇവരെ വിട്ടയയ്ക്കുംവരെ ഗാസയ്ക്ക് ആഹാരവും വെള്ളവും വൈദ്യുതിയും ഇന്ധനവും നിഷേധിക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം. ലെബനന്‍കാരെ ഇസ്രയേല്‍ ആക്രമിച്ചാല്‍ ഇരട്ടിയായി തിരിച്ചടിക്കുമെന്ന് സായുധസംഘമായ ഹിസ്ബുള്ള മുന്നറിയിപ്പു നല്‍കി. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഞായറാഴ്ച നാലു ലെബനന്‍കാര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. അതിനിടെ, രണ്ടുദിവസത്തെ ജി-7 സമ്മേളനത്തിനായി യു.എസ്. വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൊവ്വാഴ്ച ജപ്പാനിലെത്തി. പശ്ചിമേഷ്യയിലെ പ്രതിന്ധി എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ജി-7 രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായ ഐക്യമുണ്ടാക്കുകയാണ് ബ്ലിങ്കന്റെ ലക്ഷ്യം.

