രാഷ്ട്രപതിയുടെ പരിപാടികൾ റദ്ദാക്കി; റാവത്തിന്റെ വീട്ടിൽ രാജ്നാഥും നരവനെയും

ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ തമിഴ്നാട്ടിലെ കുനൂരിൽ തകർന്നുവീണുണ്ടായ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉചിതമായ സമയത്ത് ബന്ധപ്പെട്ട മന്ത്രാലയം പങ്കിടുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. അപകടത്തെക്കുറിച്ച് ഇതുവരെ കേന്ദ്രസർക്കാർ ഔദ്യോഗികമായി യാതൊരു വിവരങ്ങളും പങ്കവച്ചിട്ടില്ല.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്നു പാർലമെന്റിൽ പ്രസ്താവന നടത്തുമെന്ന് അറിയിച്ചെങ്കിലും ഇതു വ്യാഴാഴ്ചത്തേയ്ക്കു മാറ്റിയതായാണ് റിപ്പോർട്ട്. രാജനാഥ് സിങ്, ബിപിൻ റാവത്തിന്റെ ഡൽഹിയിലെ വസതിയിലെത്തി അദ്ദേഹത്തിന്റെ മകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
പ്രതിരോധമന്ത്രിയുമായുള്ള ചർച്ചയ്ക്കു പിന്നാലെ കരസേനാ മേധാവി എം.എം.നരവനെയുമായും ബിപിൻ റാവത്തിന്റെ വസതിയിലെത്തി. രാജ്നാഥ് സിങ് സ്ഥിതിഗതികൾ നിരന്തരം വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാര്യങ്ങൾ ധരിപ്പിച്ചു. ഇന്നു വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിയിൽ കാബിനറ്റ് സുരക്ഷാ സമിതിയുടെ യോഗം ചേരും.
അതേസമയം, ‘പ്രസിഡന്റ് സ്റ്റാൻഡർഡ്’ അവാർഡുകൾ വിതരണം ചെയ്യുന്നതിന് മുംബൈയിലെത്തിയ രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ കാര്യപരിപാടികളെല്ലാം റദ്ദാക്കി. രാഷ്ട്രപതി ഡൽഹിയിലേക്കു തിരിച്ചെന്നാണു റിപ്പോർട്ടുകൾ.
military-chopper-crash-5
സംയുക്ത സേനാ മേധാവി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്റ്റർ കുനൂരിൽ തകർന്നുവീണുണ്ടായ അപകടം
ക്രൂ ഉൾപ്പെടെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസിന്റെ സഹായത്തോടെ അപകടസ്ഥലത്തിന്റെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിന് തടസ്സമാകുമെന്നതിനാൽ പ്രദേശത്തേയ്ക്ക് ആളുകൾക്കു പ്രവേശനം വിലക്കി

