KSDLIVENEWS

Real news for everyone

ബലാത്സംഗങ്ങൾക്ക് കാരണം സ്ത്രീകളുടെ വസ്ത്രധാരണം; സ്ത്രീവിരുദ്ധ പരാമർശവുമായി ബിജെപി എംഎൽഎ

SHARE THIS ON

കർണാടകയിൽ ഹിജാബ് വിഷയം മുറുകുന്നതിനിടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബിജെപി എംഎൽഎ. സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് ബലാത്സംഗങ്ങൾ കൂടുന്നതിന് കാരണമെന്നാണ് ബിജെപി എംഎൽഎ രേണുകാചാര്യയുടെ പ്രസ്താവന. ഹിജാബ് വിഷയത്തിലെ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രതികരണത്തിന് മറുപടി നൽകവേയാണ് രേണുകാചാര്യയുടെ വിവാദ പരാമർശം.

ക്ലാസ്മുറികളിൽ ഹിജാബ് നിരോധിച്ച കർണാടകയിലെ കോളേജ് വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രിയങ്കാ ഗാന്ധി പങ്കുവെച്ച ട്വീറ്റാണ് ബിജെപി നേതാവിനെ ചൊടിപ്പിച്ചത്.


ബിക്കിനിയോ ഹിജാബോ മുഖാവരണമോ ജീൻസോ എന്തായാലും ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കുന്നത് സ്ത്രീയുടെ അവകാശമാണ്. ഇത് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നു. ഹിജാബിന്റെ പേരിൽ സ്ത്രീകളെ ഉപദ്രവിക്കുന്നത് നിർത്തണം.- എന്നാണ് പ്രിയങ്ക ട്വിറ്റ് ചെയ്തത്.




എന്നാൽ ബിക്കിനി പോലൊരു പദമെല്ലാം പ്രയോഗിച്ച പ്രിയങ്കയുടേത് തരംതാഴ്ന്ന പ്രസ്താവനയാണെന്ന് രേണുകാചാര്യ പറഞ്ഞു. കോളേജിൽ പഠിക്കുന്ന കുട്ടികൾ മുഴുവൻ വസ്ത്രവും ധരിച്ചിരിക്കണം. സ്ത്രീകളുടെ വസ്ത്രധാരണം മൂലം പുരുഷന്മാർക്ക് പ്രകോപനമുണ്ടാകുന്നു, അതുകൊണ്ടാണ് ഇന്ന് ബലാത്സംഗം കൂടുന്നത്. അതു ശരിയല്ല. സ്ത്രീകളോട് ബഹുമാനമുള്ള രാജ്യമാണിത്- ഇന്ത്യാ ടുഡേക്ക് നൽകിയ പ്രതികരണത്തിൽ രേണുകാചാര്യ പറഞ്ഞു.

ഉഡുപ്പിയിലെ സർക്കാർ വനിതാ പി.യു. കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളേജിലും ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ തടഞ്ഞതാണ് പ്രതിഷേധങ്ങൾക്ക് വഴിതുറന്നത്. നടപടിക്കെതിരേ വിദ്യാർഥിനികൾ രംഗത്തെത്തുകയായിരുന്നു. സംസ്ഥാനത്തെ നിരവധി കോളേജുകളിലേക്ക് പ്രതിഷേധം വ്യാപിച്ചതോടെ ‘ഐ ലവ് ഹിജാബ്’ എന്ന പേരിൽ ക്യാംപയിനും വിദ്യാർഥികൾ ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!