വാക്സിനെടുത്ത ഏക മകളുടെ മരണം: പത്ത് കോടി നഷ്ടപരിഹാരം തേടി ഹരജി; ഹൈകോടതി വിശദീകരണം തേടി

കൊച്ചി: കോവിഷീല്‍ഡ് വാക്സിനെടുത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈകോടതിയില്‍. ഏക മകളും പി.ജി വിദ്യാര്‍ഥിനിയുമായ നോവ സാബു മരിച്ചത് ചൂണ്ടിക്കാട്ടി പത്തനംതിട്ട കാട്ടൂര്‍ സ്വദേശി സാബു സി. തോമസ്, ഭാര്യ ജീന്‍ ജോര്‍ജ് എന്നിവരാണ് വാക്സിന് നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കമ്ബനി, പാര്‍ട്ണറായ ബില്‍ഗേറ്റ്സ്, കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ എന്നിവര്‍ക്കെതിരെ ഹരജി നല്‍കിയിരിക്കുന്നത്. ഹരജി പരിഗണിച്ച ജസ്റ്റിസ് എന്‍. നഗരേഷ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടി.
19കാരിയായ മകള്‍ 2021 ജൂലൈ 28ന് കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു. ഇതിനുശേഷം ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് നോവയെ കോഴഞ്ചേരി എം.ജി.എം ആശുപത്രിയിലും പിന്നീട് തിരുവല്ല പുഷ്പഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും 2021 ആഗസ്റ്റ് 12ന് മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണകാരണമെന്നും വാക്സിനെടുത്തതിന്റെ പാര്‍ശ്വ ഫലമാണിതെന്നും ഹരജിയില്‍ പറയുന്നു. മനുഷ്യാവകാശ കമീഷന് നല്കിയ പരാതിയില്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍നിന്ന് ആദ്യ ഡോസ് വാക്സിനെടുത്തശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതെന്നും വാക്സിന് എടുത്തവരില്‍ അപൂര്‍വമായി ഉണ്ടാകാറുള്ള ‘ത്രോംബോസൈറ്റോപ്നിയ’ എന്ന അവസ്ഥയാണ് മരണകാരണമെന്നും ജില്ല മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹരജി.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് മകള്‍ വാക്സിന് എടുത്തതെന്നും പാര്‍ശ്വഫലങ്ങളും അപകടവും വ്യക്തമാക്കാതെയാണ് ആശുപത്രി അധികൃതര്‍ കുത്തിവെച്ചതെന്നും ഹരജിയില്‍ ആരോപിക്കുന്നു. ഒരു കോടി രൂപ ഇടക്കാല നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്

