ജീവന്‍ രക്ഷിക്കണം, ഹെഡ്‍ലൈറ്റിട്ട് ആശുപത്രിയിലേക്ക് പാഞ്ഞ് ആനവണ്ടി; കൈയ്യടി വാങ്ങി രമേശും പ്രദീപും, യാത്രക്കാരും

ഹെഡ് ലൈറ്റുകള്‍ തെളിച്ച് ആശുപത്രിയിലേക്ക് പാഞ്ഞെത്തുന്ന ഒരു ആനവണ്ടി, അകമ്ബടിയില്‍ ത്രസിപ്പിക്കുന്ന സംഗീതം. വാട്സ്‌അപ്പിലും ഫേസ്ബുക്കിലുമൊക്കെ പാറിനടക്കുന്ന ഒരു വിഡിയോ നാമെല്ലാം ആദ്യമൊന്ന് കണ്ടുപോയി. എന്തിനാണ് ഒരു കെഎസ്‌ആര്‍ടിസി ബസ്, ഇമ്മട്ടില്‍ ആശുപത്രിയിലേക്ക് പായുന്നത് എന്ന ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. പോകെ പോകെ വീഡിയോയ്ക്ക് താഴെ അഭിനന്ദനപ്രവാഹം. അതിനിടെ ചിലര്‍ രമേശിനെയും പ്രദീപിനെയും കുറിച്ച് പറഞ്ഞുതുടങ്ങിയിരുന്നു. ഒടുവില്‍ ചിത്രം തെളിഞ്ഞു, കെഎസ്‌ആര്‍ടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തന്നെ യഥാര്‍ത്ഥ കഥ വന്നു.
ബസ്സില്‍ ആകെ ബഹളം ?
രാവിലെ ആറിന് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട ബസ്സാണ്. ഒന്‍പത് മണിക്ക് കോഴിക്കോട് സ്റ്റാന്‍ഡ് പിടിക്കണം. നിറയെ യാത്രക്കാരും. എട്ടരയോടെ ബസ്സ് പൂളാടിക്കുന്ന് എത്തി. വലിയ ബഹളം കേട്ടാണ് ഡ്രൈവര്‍ രമേശ് വണ്ടി ഒതുക്കിയത്. കാര്യം തിരക്കാന്‍ തിരിയും മുമ്ബേ കണ്ടക്ടര്‍ പ്രദീപ് മുന്നിലേക്ക് ഓടിവന്നു. ഒരാള്‍ വണ്ടിക്കുള്ളില്‍ കുഴഞ്ഞുവീണിരിക്കുന്നു. വായില്‍ നിന്ന് നുരയും പതയും വരുന്നുണ്ട്. പെട്ടെന്ന് ഇരുവരും യാത്രക്കാരോട് തിരിക്കി, ഡോക്ടറോ നഴ്സോ ആരെങ്കിലും വണ്ടിയില്‍ ഉണ്ടോ ? യാത്രക്കാരില്‍ ഒരു ലേഡി ഡോക്ടറുണ്ടായിരുന്നു. അവര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. ഉടന്‍ വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ടു. യാത്രക്കാരോട് ആലോചിച്ച് അവരുടെ സമ്മതംവാങ്ങി, വളരെ വേഗം ബസ്സ് റൂട്ട് തിരിച്ചുവിട്ടു.തൊട്ട് അടുത്തുള്ള ആശുപത്രിയായിരുന്നു ലക്ഷ്യം.
കെഎസ്‌ആര്‍ടിസിയില്‍ പിടിമുറുക്കി സ്വിഫ്റ്റ്: സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് ഉടന്‍ ഏറ്റെടുക്കും
സഹകരിച്ച് യാത്രക്കാര്‍, വണ്ടി പായിച്ച് രമേശ്
യുവാക്കളായിരുന്നു യാത്രക്കാരില്‍ അധികവും. തിരക്കേറിയ രാവിലെ സമയം, ലൈറ്റ് ഇട്ട് പാഞ്ഞുവരുന്ന ബസ്സിന് റോഡിലെ യാത്രക്കാരും വഴിമാറിക്കൊടുത്തു. വയനാട്ടുകാരായ രമേശിനും പ്രദീപിനും കോഴിക്കോട് അത്ര പരിചയമില്ല. എങ്കിലും ബസ്സിലെ യാത്രക്കാര്‍ പറഞ്ഞതനുസരിച്ച് വഴി മാറി ഓടി. വളരെ വേഗം മലാപറമ്ബിലെ ഇഖ്ര ആശുപത്രിലേക്ക് എത്തി. ലൈറ്റ് ഇട്ട് അതിവേഗം ബസ്സ് പാഞ്ഞെത്തുന്നത് കണ്ട്, ആശുപത്രി ജീവനക്കാരും ആദ്യമെന്ന് അമ്ബരുന്നു. അത്യാഹിതം എന്ന് ഉറപ്പിച്ച് സ്ട്രെച്ചറുമായി അവരും ബസ്സിനരികെ ഓടിയെത്തി. കുഴഞ്ഞുവീണയാളെ ആശുപത്രിയിലേക്ക് മാറ്റി.
പിന്നെ പലവഴിക്ക്, ഒടുവില്‍ കോഴിക്കോട് സ്റ്റാന്‍ഡിലേക്ക്
പൂളാടിക്കുന്നില്‍ നിന്ന് വഴിതിരിഞ്ഞാണ് ബസ്സ് ആശുപത്രിയിലേക്ക് പോയത്. പലര്‍ക്കും ഇറങ്ങേണ്ട സ്ഥലങ്ങള്‍ മാറിമറിഞ്ഞിരുന്നു. എങ്കിലും ഒരു നന്മയ്ക്ക് വേണ്ടി അല്ല. അതല്ലേ അത്യാവശ്യം. ഇനി കോഴിക്കോടേക്ക് പോകുന്ന വഴിക്ക് ഞങ്ങളെ ഇറക്കിയാല്‍ മതി എന്ന് യാത്രക്കാര്‍ പറഞ്ഞു. അങ്ങനെ പരാമവധി സൗകര്യമുള്ള ഇടങ്ങളില്‍ ആളുകളെ ഇറക്കി, ബസ്സ് സ്റ്റാന്‍ഡിലെത്തി. സമയക്രമം മാറിയതിനെ കുറിച്ച് മേലുദ്യോഗസ്ഥര്‍ തിരക്കയപ്പോള്‍, നടന്ന സംഗതികളെല്ലാം പ്രദീപും രമേശും വിശദീകരിച്ചു. സമയോചിതമായ ഇടപെടിലിനെ മേലുദ്യോഗസ്ഥരും അഭിനന്ദിച്ചു. അല്പം കഴിഞ്ഞ് ബസ്സുമായി ഇരുവരും മാനന്തവാടിയിലേക്ക് അടുത്ത ട്രിപ്പ് പുറപ്പെട്ടു.
കെഎസ്‌ആര്‍ടിസിയുടെ നിലനില്‍പ്പിന് സ്വിഫ്റ്റ് അനിവാര്യം, ഹര്‍ജികള്‍ തള്ളിയ നടപടി സ്വാഗതം ചെയ്ത് മന്ത്രി
സുഖം പ്രാപിച്ച് മധ്യവയസ്കന്‍
തിരികെ മാനന്തവാടിക്ക് പോകും വഴി രമേശും പ്രദീപും ആശുപത്രിയില്‍ വിളിച്ചു. കൃത്യസമയത്ത് എത്തിച്ചത് നന്നായി. കുഴഞ്ഞുവീണയാള്‍ ആരോഗ്യം വീണ്ടെടുത്തു. പതിവായി കാണിക്കുന്ന ആശുപത്രിയിലേക്ക് അദ്ദേഹം വൈകീട്ടോടെ മാറി. അല്‍പം പ്രയാസപ്പെട്ട് ഓടേണ്ടിവന്നെങ്കിലും അസുഖബാധിതനായ ആള്‍ക്ക് കൈതാങ്ങ് ആയതിന്‍റെ സന്തോഷം ഉള്ളിലൊതുക്കി, വണ്ടി ചുരം കയറി.
ഉള്ളുകൊണ്ട് സന്തോഷിക്കുന്ന ബ്രാഞ്ച് സെക്രട്ടറി
വയനാട് മാനന്തവാടി തോണിച്ചാലുകാരനാണ് കണ്ടക്ടര്‍ പ്രദീപ്. ഡ്രൈവര്‍ രമേശന്‍ പനമരം സ്വദേശിയാണ്. പനമരത്തെ പൊതുപ്രവര്‍ത്തകനും സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറിയുമാണ് രമേശന്‍.
എല്ലാം ജോലിയുടെ ഭാഗം
അസുഖബാധിതന് സഹായമേകിയതിന്, അഭിനന്ദനം അറിയിക്കാന്‍ ഒരുപാട് പേര്‍ വിളിക്കുന്നുണ്ടല്ലേ എന്ന് ചോദിച്ചാല്‍ ? എല്ലാം ജോലിയുടെ ഭാഗമല്ലേ, യാത്രക്കാരുടെ സഹകരണമാണ് ഇതിലൊക്കെ വലിയ സഹായമാകുന്നത് – പ്രദീപും രമേശും ഇങ്ങനെ മറുപടി നല്‍കും. ശമ്ബള പ്രതിസന്ധിയും പലവിധ വിഷയങ്ങളും കെഎസ്‌ആര്‍ടിസിയിലെ ജോലിയിലില്ലേ എന്ന് ചോദിച്ചാല്‍? എല്ലാം ശരിയാകും , വൈകാതെ കോര്‍പറേഷന്‍ ലാഭത്തിലാകും – എന്ന ശുഭപ്രതീക്ഷയാണ് ഇരുവരും പങ്കുവെയ്ക്കുന്നത്.

