KSDLIVENEWS

Real news for everyone

ഭക്ഷ്യസുരക്ഷ: ഒക്‌ടോബറിൽ 8703 പരിശോധനകള്‍, 157 സ്ഥാപനങ്ങള്‍ പൂട്ടിച്ചു, 33 ലക്ഷം പിഴ ഈടാക്കി

SHARE THIS ON

തിരുവനന്തപുരം∙ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഒക്‌ടോബറിൽ സംസ്ഥാന വ്യാപകമായി 8703 പരിശോധനകള്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സിംങ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത 157 സ്ഥാപനങ്ങൾ പൂട്ടിക്കാൻ നടപടി സ്വീകരിച്ചു. വിവിധ നിയമലംഘനങ്ങള്‍ കണ്ടെത്തിയ 564 സ്ഥാപനങ്ങളില്‍നിന്നും 33.09 ലക്ഷം രൂപ പിഴ ഈടാക്കി. നിയമ ലംഘനം കണ്ടെത്തിയ 544 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കി. 30 സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെടാനുള്ള നോട്ടിസും നല്‍കി. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. 14 ജില്ലകളിലും ഭക്ഷ്യസുരക്ഷാ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ വിവിധ സ്ഥാപനങ്ങളില്‍ നിന്നും 817 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 3582 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനകള്‍ക്കായി ശേഖരിച്ചു. ഭക്ഷണ ശാലകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ശക്തമായ നടപടികളാണു സ്വീകരിക്കുന്നത്. മത്സ്യ മൊത്തവിതരണ ശാലകളിലും ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലും പരിശോധനകള്‍ നടത്തി. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലും ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി. ആളുകള്‍ കൂട്ടമായെത്തുന്ന തട്ടുകടകളിലും നിരീക്ഷണം ശക്തമാക്കി ഭക്ഷണ സാമ്പിളുകള്‍ ശേഖരിച്ചു. ഷവര്‍മ പോലുള്ള ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധനകള്‍ നടത്തി. ഇത്തരത്തില്‍ 371 പരിശോധനകളാണ് പൂര്‍ത്തിയാക്കിയത്. മയോണൈസ് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണ്. പാഴ്‌സലില്‍ തിയതിയും സമയവും രേഖപ്പെടുത്താത്ത സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!