വയസ് 22, നാട്ടിൽ ശല്യക്കാരൻ, തെളിവെടുപ്പിനിടെ അസഭ്യം; തിരുവല്ല കൊലക്കേസ് പ്രതി നൽകിയത് വ്യാജവിലാസം

കാസർകോട് ∙ സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നാലാം പ്രതിയായ കാസർകോട് മൈമുൻ നഗർ കുന്നിലെ മൻസൂറി (25)നെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. ഇന്നലെ രാവിലെ 11നായിരുന്നു തിരുവല്ല പൊലീസും കുമ്പള പൊലീസും ചേർന്നു പ്രതിയെ വീട്ടിലെത്തിച്ചത്. നേരത്തേ അറസ്റ്റിലായപ്പോൾ കണ്ണൂർ ചെറുപുഴ കുന്നിൽ മുഹമ്മദ് ഫൈസൽ(ജിനാസ്–22) എന്ന വ്യാജ വിലാസമാണ് ഇയാൾ പൊലീസിനു നൽകിയിരുന്നത്.
കണ്ണൂരിൽ അന്വേഷിച്ചപ്പോൾ വിലാസം വ്യാജമാണെന്നു മനസ്സിലാകുകയും പിന്നീട് കാസർകോട് സ്വദേശിയാണെന്നു കണ്ടെത്തുകയുമായിരുന്നു. ഇത് ഉറപ്പിക്കാനാണ് പൊലീസ് മൻസൂറുമായി കാസർകോട് എത്തിയത്. അടച്ചിട്ട വീട്ടിൽ സഹോദരനൊപ്പം നിർത്തി പൊലീസ് ചോദ്യം ചെയ്‌തു. കുടുംബ വിവരം ശേഖരിച്ചു. അയൽവാസികളിൽ നിന്നും നാട്ടുകാരിൽ നിന്ന് മൻസൂറിനെക്കുറിച്ചുള്ള വിവരം ചോദിച്ചറിഞ്ഞു. നാട്ടിൽ പൊതുശല്യക്കാരനാണ് ഇയാളെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടിൽ നിന്ന് പുറത്തിറങ്ങി പൊലീസ് ജീപ്പിൽ കയറ്റുമ്പോൾ ദൃശ്യം ചിത്രീകരിക്കുകയായിരുന്ന മാധ്യമ പ്രവർത്തകരെ മൻസൂർ അസഭ്യം പറഞ്ഞു. സ്ഥലത്ത് നാട്ടുകാരും തടിച്ചു കൂടിയിരുന്നു.
മൻസൂറിന് ജില്ലയിലുള്ള കേസുകളുടെ വിവരവും പൊലീസ് എടുക്കുന്നുണ്ട്. കുമ്പള പൊലീസ് സ്‌റ്റേഷനിൽ എത്തിച്ച് ഇവിടെയുള്ള അടിപിടിക്കേസിന്റെ വിവരം ശേഖരിച്ചു. മഞ്ചേശ്വരം സ്‌റ്റേഷനിൽ ബൈക്ക് മോഷണ കേസുണ്ട്. കാസർകോട് ടൗൺ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ഇവിടെയുള്ള 2 കേസുകളുടെ വിവരമെടുത്തു. കർണാടകയിലുള്ള കേസിന്റെ വിവരവും തേടുന്നുണ്ട്. വൈകിട്ടോടെ പ്രതിയുമായി തിരുവല്ല പൊലീസ് മടങ്ങി. കുമ്പള ഇൻസ്‌പെക്ടർ പി പ്രമോദ്, എസ്‌ഐമാരായ കെ.പി.വി.രാജീവൻ, കെ.വി.അനീഷ്, തിരുവല്ല എഎസ്‌ഐ പ്രതാപൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. തിരുവല്ല കുറ്റപ്പുഴ ലോഡ്‌ജിൽ നിന്നാണു മൻസൂറിനെ പൊലീസ് പിടികൂടിയത്.

