KSDLIVENEWS

Real news for everyone

ബിപിന്‍ റാവത്ത് സംസാരിച്ചിരുന്നു’; രക്ഷാപ്രവര്‍ത്തനത്തിനിടെ വെളളം ചോദിച്ചുവെന്നും നാട്ടുകാരന്‍

SHARE THIS ON

കുനൂ‍ർ: ഹെലികോപ്ട‍ർ അപകടത്തിൽ (Helicopter crash) മരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിനെ (General Bipin Rawat) അപകട സ്ഥലത്ത് നിന്ന് കണ്ടെത്തുമ്പോൾ അദ്ദേഹം സംസാരിച്ചിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമീണൻ. ബിപിന്‍ റാവത്ത് വെള്ളം ചോദിച്ചെങ്കിലും നല്‍കാൻ കഴിഞ്ഞില്ലെന്നും രക്ഷാപ്രവർത്തകനായ ശിവകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ജനറൽ ബിബിൻ റാവത്ത് ഉൾപ്പെടെയുള്ളവരുടെ മൃതദേഹം സുലൂർ വ്യോമതാവളത്തിൽ നിന്ന് ദില്ലിയിലേക്ക് കൊണ്ടുപോയി. സുലൂരിലെ വ്യോമത്താവളത്തിൽ സൈനികർ ആദരാ‍ഞ്ജലിയർപ്പിച്ചു. ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേരുടെ മൃതദേഹങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രത്യേക സൈനിക വ്യൂഹത്തിനെ കാത്ത് വഴി നീളെ നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്. വാഹനവ്യൂഹം കടന്ന് പോകുന്ന പാതകളിൽ പുഷ്പവൃഷ്ടി നടത്തിയ നാട്ടുകാ‍ർ വാഹനവ്യൂഹത്തിന് സല്യൂട്ട് നൽകുകയും ഒരേ സ്വരത്തിൽ വന്ദേഭാരതം മുഴക്കുകയും ചെയ്തു. തങ്ങളുടെ നാട്ടിൽ വച്ചു നടന്ന ഇത്ര വലിയൊരു ദുരന്തത്തിൻ്റെ ആഘാതത്തിലായിരുന്ന നാട്ടുകാരിൽ നിറക്കണ്ണുകളോടെയാണ് ജനറൽ ബിപിൻ റാവത്തിനും സംഘത്തിനും വിട ചൊല്ലിയത്. അതിനിടെ, മൃതദേഹങ്ങളും വഹിച്ചു കൊണ്ടുള്ള വാഹനവ്യൂഹം രണ്ട് തവണ അപകടത്തിൽപ്പെട്ടു. തമിഴ്നാട് പൊലീസിൻ്റേയും കരസേനയുടേയും അകമ്പടിയോടെ കൂനൂരിൽ നിന്നും സുലൂരുവിലേക്ക് പുറപ്പെട്ട വാഹനവ്യൂഹത്തിലെ ഒരു ആംബുലൻസ് പൊലീസുകാ‍ർ സഞ്ചരിച്ച വാനുമാണ് അപകടത്തിൽപ്പെട്ടത്. ആദ്യത്തെ അപകടത്തിൽ പൊലീസുകാർ സഞ്ചരിച്ച വാഹനം ഇറക്കം ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തിൽ പത്ത് പൊലീസുകാർക്ക് പരിക്കേറ്റെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനു ശേഷം വാഹനവ്യൂഹം യാത്ര തുടർന്നെങ്കിലും മേട്ടുപാളയത്ത് വച്ച് ഒരു മൃതദേഹവുമായി പോയ ആംബുലൻസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു.


ബുധനാഴ്ച ഉച്ചയോടെയാണ് രാജ്യത്തെ പ്രധാനപ്പെട്ട സൈനിക ഉദ്യോഗസ്ഥന്‍റെ ജീവനെടുത്ത ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇതില്‍ 13 പേരും മരിച്ചപ്പോള്‍ പരിക്കുകളോടെ രക്ഷപ്പെടാനായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!