അയൽ വീട്ടിലെ ക്യാമറയിൽ നിങ്ങളുടെ വീടും പതിയുന്നുണ്ടോ ? കോഴിക്കോട്ടുള്ള വിമുക്തഭടന്റെ ജീവിതത്തിൽ സംഭവിച്ചത് പാഠമാക്കണം

കോഴിക്കോട്: വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് അലക്ഷ്യമായി വസ്ത്രം മാറിയതായിരുന്നു വിമുക്തഭടന് പ്രേമചന്ദ്രന്. അയല്‍വാസി സ്ഥാപിച്ച സി.സി.ടി.വി കാമറയില്‍ പിന്‍ഭാഗം പതിഞ്ഞു. 12കാരന് മകനു മുന്നില്‍ പ്രേമചന്ദ്രന് നഗ്നത പ്രദര്ശിപ്പിച്ചെന്നായി അയല്‍വാസി. പോക്സോ കേസായി. അഞ്ചു ദിവസം ജയിലില്‍ കിടന്നു. ഇപ്പോള്‍ അയല്‍വാസിയില്‍ നിന്ന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം തേടി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുകയാണ് പ്രേമചന്ദ്രന്.
കോഴിക്കോട് സിവില്‍ സ്റ്റേഷന് പോസ്റ്റ് ഓഫീസ് പരിധിയിലെ തൃക്കൈപറമ്ബത്ത് ഹൗസില്‍ കെ.എന്‍. പ്രേമചന്ദ്രനും അയല്‍വാസിയും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. രണ്ടര സെന്റില്‍ പണിത വീടിന്റെ തൊട്ടടുത്ത് പുതിയ താമസക്കാര്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
കോര്പ്പറേഷന് ഓഫീസിലും മറ്റിടങ്ങളിലുമെല്ലാമെത്തി പരാതികള്‍. ഇരു വീടുകളും തമ്മിലുള്ള അകലം ആറടി മാത്രം.
തര്‍ക്കം മുറുകിയതോടെ പ്രേമചന്ദ്രന്റെ വീടിന്റെ വരാന്ത, ലിവിംഗ് റൂം, കിടപ്പുമുറി, അലക്ക് കല്ലുള്ള പിന്മുറ്റം, മുകള്‍നിലയിലെ ബാല്‍ക്കണി എന്നീ ഭാഗങ്ങളും മുറ്റവുമൊക്കെ പതിയുന്ന രീതിയില്‍ അയല്‍വാസി ഏഴു സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. പ്രേമചന്ദ്രന്റെ 15 വയസുള്ള മകള്‍ ഉള്‍പ്പെടെയുള്ളവര്‍ കാമറക്കണ്ണുകളുടെ തുറിച്ചുനോട്ടത്തില്‍ വിഷമത്തിലുമായി.
ഇതിനിടയിലാണ് പോക്സോ കേസിന്റെ വരവ്. ഡിസംബര്‍ 26നാണ് പ്രേമചന്ദ്രനെ അറസ്റ്റ് ചെയ്തത്. ക്രിസ്മസ് അവധി കാരണം ജാമ്യപേക്ഷ പോക്സോ അഡിഷണല്‍ സെഷന്‍സ് കോടതി പരിഗണിച്ചത് ജനുവരി ഒന്നിന്. അന്ന് തന്നെ ജാമ്യം അനുവദിച്ചു.
കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയതിന് നഷ്ടപരിഹാരം വേണമെന്നാണ് പ്രേമചന്ദ്രന്റെ ആവശ്യം. തങ്ങളുടെ സ്വകാര്യത കൂടി പകര്‍ത്തുന്ന സി സി ടി വി കാമറകള്‍ ഉടന്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കും പരാതി നല്കി.
ഐ.പി.സി 354 (സി) പ്രകാരം മൂന്നു വര്‍ഷം വരെ തടവ് ലഭിക്കാവുന്നതും സ്വമേധയാ പൊലീസിന് കേസെടുക്കാവുന്നതുമായ കുറ്റമാണിതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം 66 ഇ വകുപ്പ് പ്രകാരം മൂന്നു വര്‍ഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ഈടാക്കാം.

