KSDLIVENEWS

Real news for everyone

ദുര്‍ബലമായ യുഡിഎഫിനെ ശക്തമാക്കാന്‍ താന്‍ വരുന്നുവെന്ന് പിസി ജോര്‍ജ്; ഉമ്മന്‍ചാണ്ടി മുന്നിലേക്ക് വരണം

SHARE THIS ON

കോട്ടയം: യുഡിഎഫിനെ ശക്തിപ്പെടുത്താൻ താൻ മുന്നണിയിലേക്ക് വരുന്നുവെന്ന് പി.സി.ജോർജ്. യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലർ അഞ്ചംഗ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് വിലകൽപ്പിക്കാത്ത പിണറായി സർക്കാരിനെതിരെയുള്ള ഒരു പോരാട്ടാത്തിന് ജനപക്ഷത്തിന്റെ കൂടെ സേവനം ആവശ്യമാണെന്ന് യുഡിഎഫിന് ബോധ്യമായിട്ടുണ്ടെന്നും പി.സി.ജോർജ് പറഞ്ഞു

കോൺഗ്രസ് നേതൃത്വവുമായി തനിക്ക് യാതൊരു തർക്കവുമില്ല. പ്രദേശികമായ ചില തർക്കങ്ങൾ പറഞ്ഞ് തീർക്കാവുന്നതേയുള്ളൂ. അത് ആനക്കാര്യമല്ല.

യുഡിഎഫ് അധികാരത്തിൽ വരണമെങ്കിൽ ഉമ്മൻചാണ്ടി മുൻപന്തിയിൽ നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടേ മതിയാകൂ. ‘മുന്നിൽ നിൽക്കണമെന്ന് ഞാൻ ഉമ്മൻചാണ്ടിയോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇനിയും പറയും. യുഡിഎഫുമായുള്ള ചർച്ചയിലും അത് പറയും. ഇതുപോലെ എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചടക്കണമെങ്കിൽ ഉമ്മൻചാണ്ടിയെ പോലുള്ള ഒരു വലിയ നേതാവ് തന്നെ മുൻപന്തിയിൽ നിൽക്കണം.

ഉമ്മൻചാണ്ടിയുമായി തനിക്ക് ഈ നാല് വർഷത്തിനിടയിൽ ചെറിയ അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ല. കുശുമ്പൻമാർ പലതും പറഞ്ഞുണ്ടാക്കും. രാഷ്ട്രീയത്തിൽ എല്ലാം നേരായി പോകില്ല. നേരത്തെ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അഭിപ്രായം ഇരിമ്പുലക്കയല്ല.

രമേശ് ചെന്നിത്തല യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റായിരിക്കുന്ന കാലത്ത് സെക്രട്ടറിമാരായിരുന്ന പലരും ഏതെങ്കിലും സംസ്ഥാനത്ത് മന്ത്രിമാരോ മുഖ്യമന്ത്രിയോ ആയിട്ടുണ്ട്. കുറച്ച് വർഷം ആഭ്യന്തര മന്ത്രിയായത് ഒഴികെ അദ്ദേഹം മറ്റൊരു അധികാര സ്ഥാനവും വഹിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അദ്ദേഹം നിയമസഭയ്ക്കകത്ത് അതി ശക്തനാണ്. പക്ഷേ ഇപ്പോഴത്തെ വലിയ പിണറായി ശക്തിപ്രഭാവത്തിലുള്ള യുദ്ധ മുഖത്ത് ഇറങ്ങുമ്പോൾ നമ്മുടെ ആയുധങ്ങൾ മുഴുവൻ ഉണ്ടാകണം. അതിനർത്ഥം മുന്നിൽ ഉമ്മൻചാണ്ടി നിൽക്കണം എന്നാണ്. അത് ചെന്നിത്തല മോശമായിട്ടല്ലെന്നും ജോർജ് പറഞ്ഞു.

യുഡിഎഫിൽ എത്തിയാൽ തങ്ങൾക്ക് അർഹതപ്പെട്ടത് അവർ തരും, ചോദിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷോൺ ജോർജ് മത്സരിക്കുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് പിസി ജോർജിന്റെ മറുപടി ഇങ്ങനെയായിരുന്നു. ‘ നിയമസഭയിലേക്ക് മത്സരിക്കാനുള്ള യോഗ്യത അവനുണ്ട്. എല്ലാ രാഷ്ട്രീയ നേതാക്കളുടെ മക്കൾ വന്നത് പോലെയല്ല. പഠിക്കുന്ന കാലം തൊട്ട് പോലീസിന്റെ തൊഴി ആവശ്യത്തിന് കൊണ്ട് വളർന്നു വന്നവനാണ്. രാഷ്ട്രീയത്തിൽ എല്ലാ കാര്യവും പഠിച്ചിട്ടുണ്ട്. എംഎൽഎ ആകാനുള്ള യോഗ്യതയുമുണ്ട്. പൂഞ്ഞാർ വിട്ട് താൻ മാറില്ല. ഷോണും ചിലപ്പോൾ നിയമസഭയിൽ എന്റെ കൂടെ കാണും’.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!