കേരളമായി മാറുമെന്ന യോഗിയുടെ പ്രസ്താവന; യുപിക്ക് അതിന് ഭാഗ്യം ലഭിക്കട്ടെയെന്ന് തരൂര്‍

ന്യൂഡൽഹി: ബിജെപി പരാജയപ്പെടുകയാണെങ്കിൽ ഉത്തർപ്രദേശ് കേരളവും ബംഗാളും കശ്മീരും ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയിൽ പരിഹാസവുമായി കോൺഗ്രസ് എംപി ശശി തരൂർ.
കേരളവും ബംഗാളും കശ്മീരും ആകാൻ യുപിക്ക് ഭാഗ്യ ലഭിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ബിജെപി അധികാരത്തിൽ വന്നില്ലെങ്കിൽ യുപി കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്ന് യോഗി ആദിത്യനാഥ് വോട്ടർമാരോട് പറയുന്നു. യുപിക്ക് ഭാഗ്യമുണ്ടാകണം… കശ്മീരിന്റെ സൗന്ദര്യവും ബംഗാളിന്റെ സംസ്കാരവും കേരളത്തിന്റെ വിദ്യാഭ്യാസവും യുപിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും. യുപിയുടെ വിസ്മയം അവിടുത്തെ സർക്കാരിനെ കുറിച്ചുള്ള സഹതാപമാണ്’ തരൂർ ട്വീറ്റ് ചെയ്തു.
യുപിയിൽ ആദ്യഘട്ട വോട്ടെടുപ്പിന് തൊട്ടുമുമ്പായിട്ടാണ് കേരളത്തെ പരാമർശിച്ചുകൊണ്ട് യോഗി ആദിത്യനാഥ് വോട്ടഭ്യർഥിച്ചത്.
‘എന്റെ മനസ്സിൽ ഉള്ള ഒരു കാര്യം എനിക്ക് നിങ്ങളോട് പറയാനുണ്ട്, ഈ അഞ്ച് വർഷത്തിനുള്ളിൽ ഒരുപാട് അത്ഭുതകരമായ കാര്യങ്ങൾ സംഭവിച്ചു, സൂക്ഷിക്കുക, നിങ്ങൾക്ക് തെറ്റിയാൽ, ഈ അഞ്ച് വർഷത്തെ അധ്വാനം നശിച്ചുപോകും. ഉത്തർ പ്രദേശ് കശ്മീരും ബംഗാളും കേരളവും ആകാൻ അധികസമയം എടുക്കില്ല’ യോഗി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു.

