KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യാതപത്തെ കരുതണം

SHARE THIS ON

പത്തനംതിട്ട: ജില്ലയില്‍ ചൂടുകൂടിവരുന്ന സാഹചര്യത്തില്‍ സൂര്യാഘാതവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാതെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍.

അനിതകുമാരി അറിയിച്ചു.

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും, ശരീരത്തിലുണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടുകയും ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളും തകരാറിലാവുകയും ചെയ്യും. ഈ അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതം; ലക്ഷണങ്ങള്‍

വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ.

സൂര്യാതപം

സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലിചെയ്യുന്നവരില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന ശരീരഭാഗങ്ങള്‍ ചുവന്നുതടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇങ്ങനെയുള്ളവര്‍ ഉടന്‍ ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല.

സൂര്യാഘാതം; സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍
സൂര്യാഘാതം, സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റുക
തണുത്ത വെള്ളംകൊണ്ട് മുഖവും ശരീരവും തുടക്കുക
ഫാന്‍, എ.സി, വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക
ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കുക
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ലഭ്യമാക്കുക
പ്രതിരോധമാര്‍ഗങ്ങള്‍
വേനല്‍ക്കാലത്ത് ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക
ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങവെള്ളം എന്നിവ ധാരാളമായി കുടിക്കുക
വെള്ളം ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറി, സാലഡുകളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക
ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക
വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ഉച്ചക്ക് 11 മുതല്‍ മൂന്ന് മണിവരെയുള്ള സമയം ഒഴിവാക്കി ജോലി ക്രമീകരിക്കുക
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്
കാറ്റ് കടന്ന് ചൂട് പുറത്തുപോകത്തക്ക രീതിയില്‍ വീടിന്‍റെ വാതിലുകളും ജനലുകളും തുറന്നിടുക
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകരുത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!