ബാലഗോകുലം വിവാദം; കോഴിക്കോട് മേയറെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് സി.പി.എം

കോഴിക്കോട്: ബാലഗോകുലം മാതൃസംഗമത്തില്‍ പങ്കെടുത്ത് ഉത്തരേന്ത്യയെ പ്രശംസിച്ച് വിവാദത്തിലായ കോഴിക്കോട് മേയര്‍ ബീന ഫിലിപ്പിനെ സി.പി.എം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്തെത്തിയതിന് പിന്നാലെയാണ് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത്.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ അടക്കം തിരുവനന്തപുരത്തുണ്ട്. ഇതിനൊപ്പമാണ് നേതൃത്വവുമായുള്ള കൂടിക്കാഴ്ച എന്ന നിലയ്ക്ക് മേയറേയും വിളിപ്പിച്ചത്. ബീന ഫിലിപ്പ് ബാലഗോകുലം മാതൃസംഗമത്തില്‍ പങ്കെടുക്കുകയും ഉത്തരേന്ത്യയിലെ ശിശുപരിപാലനമാണ് മികച്ചതെന്നും പറഞ്ഞിരുന്നു. ഇത് വലിയ വിവാദത്തിനാണ് വഴിവെച്ചത്. പാര്‍ട്ടി തന്നോട് ബാലഗോകുലം പരിപാടിയില്‍ പങ്കെടുക്കരുതെന്ന് കര്‍ശനമായി പറഞ്ഞില്ലെന്ന് പറഞ്ഞ് ന്യായീകരിച്ചെങ്കിലും മേയറെ പരസ്യമായി തള്ളി നേതൃത്വമെത്തുകയായിരുന്നു.

