‘ഇത്രയും വലിയോരു ആള്‍ക്കൂട്ടത്തെ കണ്ടിട്ടില്ല’; തല്ലുമാല പ്രൊമോഷന്‍ നടത്താനാവാതെ മടങ്ങി ടൊവിനോ

കോഴിക്കോട്: ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തല്ലുമാലയുടെ പ്രൊമോഷന്‍റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്ന പരിപാടി മുടങ്ങി. വമ്ബിച്ച ജനബാഹുല്യം കാരണമാണ് പരിപാടി മുടങ്ങിയത്. ടൊവിനോ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയിലൂടെ ഇക്കാര്യം അറിയിച്ചത്. ഹൈലൈറ്റ് മാളിനകത്തും പുറത്തും വന്‍ ജനത്തിരക്കായിരുന്നതിനാല്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് മാളിനുള്ളില്‍ പ്രവേശിക്കാനായില്ല.
ജീവിതത്തില്‍ ഒരിക്കല്‍ പോലും ഇത്രയും വലിയൊരാള്‍ക്കൂട്ടത്തെ കണ്ടിട്ടില്ല എന്നും ജീവനോടെ തിരിച്ചെത്തുമോ എന്ന് പോലും ആലോചിച്ചു പോയെന്നും ടോവിനോ തോമസ് പറഞ്ഞു. “കോഴിക്കോടിന്‍റെ സ്‌നേഹത്തിന് നന്ദി. ഈ ആള്‍ക്കൂട്ടം മറ്റന്നാള്‍ തിയേറ്ററുകളില്‍ ഉണ്ടാവുമെന്ന് കരുതുന്നു”- ടോവിനോ കൂട്ടിച്ചേര്‍ത്തു.
ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്ന തല്ലുമാല പ്രദര്‍ശനത്തിനെത്തുകയാണ്. ലവ് എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആഗസ്ത് 12നാണ് തല്ലുമാല പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമ റിലീസ് ചെയ്ത ആദ്യദിവസം തന്നെ ഓഡിയന്‍സിനൊപ്പം സിനിമ കാണാന്‍ കാത്തിരിക്കുകയാണ് താനെന്ന് ടൊവിനോ തോമസ് പറഞ്ഞു.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് സിനിമയുടെ നിര്‍മാണം. മുഹ്സിന്‍ പരാരിയാണ് തിരക്കഥ. വിഷ്ണു വിജയ് സംഗീതം നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മണവാളന്‍ വസിം എന്ന കഥാപാത്രമായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. ബീപാത്തു എന്ന കഥാപാത്രത്തെ കല്യാണി അവതരിപ്പിക്കുന്നു. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍ അവറാന്‍, അദ്രി ജോയ്, ബിനു പപ്പു, ചെമ്ബന്‍ വിനോദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

