ഭർതൃഗൃഹത്തിൽ യുവതി മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

കോതനല്ലൂർ ∙ ഭർതൃഗൃഹത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് ആരോപിച്ച് പരാതി. കുറുമുള്ളൂർ മുടിയാട്ട് വീട്ടിൽ എം.വി.വിയമ്മയാണു മകൾ എം.വി.പ്രജിതയുടെ (23) മരണത്തിൽ കടുത്തുരുത്തി പൊലീസിൽ പരാതി നൽകിയത്. പ്രജിതയെ ബുധനാഴ്ച രാവിലെയാണു ഭർത്താവ് കോതനല്ലൂർ വട്ടപ്പറമ്പിൽ വി.എസ്.അനീഷിന്റെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 2 വർഷം മുൻപായിരുന്നു വിവാഹം. സ്ത്രീധനത്തിന്റെ പേരിലും ജാതിയുടെ പേരിലും പ്രജിതയെ ഭർതൃവീട്ടുകാർ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.സ്വന്തം വീട്ടിലേക്കു പോയ പ്രജിതയെ അനീഷ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും തിരിച്ചുചെല്ലാൻ നിർബന്ധിച്ചായും പരാതിയിൽ പറയുന്നു. തുടർന്നു പ്രജിതയെ സഹോദരൻ ഭർതൃവീട്ടിൽ കൊണ്ടുവിട്ടു. ചൊവ്വാഴ്ച രാത്രി 12നു പ്രജിത തൂങ്ങി മരിച്ചതായി ഭർത്താവ് അനീഷ് വിളിച്ചറിയിക്കുകയായിരുന്നുവെന്നും ബന്ധുക്കൾ പോയപ്പോൾ കട്ടിലിൽ കിടക്കുന്ന നിലയിലാണ് പ്രജിതയെ കണ്ടതെന്നും പരാതിയിലുണ്ട്

