തെക്കിൽ കോവിഡ് ആശുപത്രിയിലെ ജൈവ ശൗചാലയം നിറഞ്ഞൊഴുകുന്നു ; ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് ആശങ്ക

പൊയിനാച്ചി: തെക്കിൽ കോവിഡ് ആസ്പത്രിയിലെ ജൈവ ശൗചാലയത്തിൽനിന്നുള്ള മലിനജലം സംഭരണി നിറഞ്ഞൊഴുകുന്നത് ആരോഗ്യപ്രശ്നമുണ്ടാക്കുമെന്ന് ആശങ്ക. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയ്ക്കുപിന്നാലെയാണ് മലിനജലം പുറമേക്ക് ഒഴുകിത്തുടങ്ങിയത്. ആസ്പത്രിക്ക് വടക്കുഭാഗത്തെ ചെരിവിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് ഉൾപ്പെടെ ഇത് ഭീഷണിയാവുകയാണ്.
ആസ്പത്ര നിർമിച്ച ടാറ്റാ പ്രൊജക്ട്സ് ലിമിറ്റഡ് 80,000 ലിറ്റർ മലിനജലം സംഭരിക്കാവുന്ന ജൈവ ശൗചാലയ സംഭരണികൾ ഇവിടെ സ്ഥാപിച്ചിരുന്നു. ആസ്പത്രിയുടെ പടിഞ്ഞാറുഭാഗത്തെ കവാടത്തിലേക്ക് പുതുതായി നിർമിച്ച റോഡരികിലാണ് 10,000 ലിറ്റർ കൊള്ളുന്ന എട്ട് ബയോടെക് സംഭരണിയുള്ളത്. അതിലെ വെള്ളം യഥാസമയം മാറ്റാനോ പുനരുപയോഗിക്കാനോ അധികൃതർ ശ്രദ്ധിക്കാത്തതാണ് സംഭരണി നിറഞ്ഞൊഴുകാൻ കാരണമെന്നാണ് ആക്ഷേപം.
ടാറ്റയുടെ നിർദേശപ്രകാരം ഇന്ത്യൻ സെൻട്രിഫ്യൂജ് എൻജിനീയറിങ് സൊല്യൂഷൻ ലിമിറ്റഡാണ് ശാസ്ത്രീയസംവിധാനത്തിൽ ജൈവ ശൗചാലയസംവിധാനം ഒരുക്കിയത്.
അഴുകിയ വെള്ളമാണ് നിറഞ്ഞൊഴുകി പരിസരത്ത് കെട്ടിക്കിടക്കുന്നതെന്നും ദുർഗന്ധവും കൊതുകുശല്യവും കൂടിയിരിക്കുകയാണെന്നും പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ആസ്പത്രി സെപ്റ്റംബർ ഒൻപതിന് സർക്കാറിന് ടാറ്റ കൈമാറിയതിനാൽ ഇക്കാര്യത്തിൽ ജില്ലാ അധികൃതരാണ് ഇനി തീരുമാനമെടുക്കേണ്ടത്. ഒരാഴ്ച പിന്നിട്ടിട്ടും നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഉൾപ്പെടെ പ്രത്യക്ഷസമരവുമായി രംഗത്തെത്തുകയും ചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ജി.രതികുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംഘം സ്ഥലം സന്ദർശിച്ചു.
കക്കൂസ് മാലിന്യം പുറത്ത് വരില്ലെന്ന് അധികൃതർ
: 124 കണ്ടെയ്നറുകളിലായാണ് ആസ്പത്രി സംവിധാനം. കക്കൂസ് മാലിന്യം ആസ്പത്രിയിൽനിന്ന് ഒരുതരത്തിലും പുറമേക്ക് എത്തില്ലെന്നും ഉപയോഗിച്ച വെള്ളം മാത്രമാണ് കുഴലുവഴി സംഭരണിയിലെത്തുന്നതെന്നും ആസ്പത്രി നിർമാണത്തിന് മേൽനോട്ടം വഹിച്ച ടാറ്റ പ്രൊജക്ട്സ് ലിമിറ്റഡ് കൊച്ചി മേഖലാ അഡ്മിനിസ്ട്രേഷൻ മേധാവി പി.എൽ.ആൻറണി ‘മാതൃഭൂമി’യോട് പറഞ്ഞു. രണ്ട് കണ്ടെയ്നറുകൾക്ക് നടുവിൽ കക്കൂസ് മാലിന്യം രാസവസ്തുക്കൾ ഉപയോഗിച്ച് സംസ്കരിക്കാൻ സംവിധാനമുണ്ട്. മാലിന്യം ഇവിടെ ദ്രവീകരിക്കുന്നതോടൊപ്പം പുറമെയുള്ള ബയോടെക് സംഭരണിയിലെത്തുന്ന വെള്ളം പിന്നീട് ഉദ്യാനം നനയ്ക്കാനോ മറ്റു രീതിയിൽ പുനരുപയോഗിക്കാനോ പറ്റും. അല്ലെങ്കിൽ ഓരോഘട്ടത്തിലും പുറന്തള്ളാൻ സംവിധാനം ഉണ്ടാക്കണം- അദ്ദേഹം പറയുന്നു.

