KSDLIVENEWS

Real news for everyone

ലൈഫ് മിഷൻ പാർപ്പിട സമുച്ചയം നിർമാണ ജോലികൾ പുനരാരംഭിച്ചു

SHARE THIS ON

കോളിയടുക്കം ∙ ലൈഫ് മിഷൻ പാർപ്പിട സമുച്ചയത്തിന്റെ നിർമാണ ജോലികൾ പുനരാരംഭിച്ചു. പദ്ധതിയുടെ ഭാഗമായി ചെമ്മനാട് പഞ്ചായത്തിലെ ബെണ്ടിച്ചാലിൽ പണിയുന്ന ജില്ലയിലെ ഏക പാർപ്പിട സമുച്ചയത്തിന്റെ പ്രവൃത്തിയാണ് മാസങ്ങൾക്കു ശേഷം വീണ്ടും തുടങ്ങിയത്. 2020 സെപ്റ്റംബർ 24നാണു നിർമാണ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നത്. 6 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. എന്നാൽ പ്രവൃത്തി തുടങ്ങി ഒരു വർഷം പിന്നിട്ടിട്ടും നിർമാണം പാതിവഴിയിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ പൂർത്തിയാക്കുമെന്നായിരുന്നു പിന്നീടുള്ള പ്രഖ്യാപനം. അതുമുണ്ടായില്ല.

ചെമ്മനാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണു 26.848 ചതുരശ്ര അടിയുള്ള പാർപ്പിട സമുച്ചയം ഉയരുന്നത്. 6.64 കോടി രൂപയുടേതാണു പദ്ധതി. നിർമാണത്തിനു ഉപയോഗിക്കുന്ന സ്റ്റീൽ സാമഗ്രികളുടെ കുത്തനെയുള്ള വിലക്കയറ്റവും കോവിഡിനെ തുടർന്നു ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ തിരിച്ചെത്താൻ വൈകിയതുമാണ് പ്രവൃത്തി മുടങ്ങാൻ കാരണമായി പറയുന്നത്. സാധനങ്ങളുടെ വില കുത്തനെ വർധിച്ചതോടെ എസ്റ്റിമേറ്റ് തുക വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കരാറെടുത്ത കമ്പനി സർക്കാരിന് കത്ത് അയച്ചിരുന്നുവെങ്കിലും ഇതിൽ നടപടികൾ ഉണ്ടായില്ലെന്നു അധികൃതർ അറിയിച്ചു.

6 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്ന വ്യവസ്ഥയിൽ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ കമ്പനിയാണ് കരാറെടുത്തത്. 511 ചതുരശ്ര അടി വിസ്തീർണമുള്ള 44 വ്യക്തിഗത പാർപ്പിടമാണു നിർമിക്കുന്നത്. മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട സ്ഥലവും വീടും ഇല്ലാത്ത കുടുംബത്തിനാണു ഇവിടെ ഭവനം ഒരുങ്ങുന്നത്.

സൗകര്യങ്ങൾ ഇങ്ങനെ

രണ്ടു കിടപ്പു മുറികൾ, ഒരു ഹാൾ, അടുക്കള, ബാൽക്കണി, ശുചിമുറി എന്നിവയാണു ഒരു ഭവനത്തിൽ ഉണ്ടാവുക.ഇതിനു പുറമേ അങ്കണവാടി, വായനശാല, വയോജന പരിപാലന കേന്ദ്രം, പൊതുവായ മുറി, സിക്ക് റൂം, മാലിന്യ സംസ്കരണ കേന്ദ്രം, സൗരോർജ സംവിധാനം എന്നിവയും ഒരുക്കും. താഴത്തെ രണ്ടു ഭവനങ്ങൾ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കാണു നൽകുക. പ്രീ–ഫാബ് സാങ്കേതിക വിദ്യയിലാണു ഭവനം സമുച്ചത്തിന്റെ നിർമാണം. നൂതനമായ ലൈറ്റ് ഗേജ് സ്റ്റീൽ ഫ്രെയിം (എൽജിഎസ്എഫ്) സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള പ്രീ–ഫാബ് രീതിയിലാണ് പാർപ്പിട സമുച്ചയം നിർമിക്കാൻ ഉദ്ദേശിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!