KSDLIVENEWS

Real news for everyone

ഇസ്മായില്‍ ഹനിയ്യയുടെ പേരമകള്‍ റുഅ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

SHARE THIS ON

ഗാസ: ബുറാഖ് സ്‌കൂളില്‍ ഇസ്രായേല്‍ സേന നടത്തിയ നിഷ്ഠുരമായ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മായില്‍ ഹനിയ്യയുടെ കൊച്ചുമകള്‍ റുഅ ഹനിയ്യ കൊല്ലപ്പെട്ടു.

പരിക്കേറ്റവരെ പരിചരിക്കുന്നതിനിടെയാണ് റുഅയുടെ അന്ത്യം. ആക്രമണത്തില്‍ അമ്ബതു പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഗസ്സ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്നു റുഅ. ഹമാസ് നേതാക്കളെയും മക്കളെയും ഗസ്സയിലെ യുദ്ധഭൂമിയില്‍ കാണുന്നില്ലല്ലോ എന്ന ചോദ്യങ്ങള്‍ സയണിസ്റ്റുകള്‍ ഉന്നയിക്കുന്ന വേളയിലാണ് റുഅയുടെ രക്തസാക്ഷിത്വം.

ഇതേക്കുറിച്ച്‌ കുവൈത്ത് ഇൻഫ്‌ളുവൻസറായ സാറ ദരീസ് കുറിച്ചതിങ്ങനെ;

‘എവിടെയാണ് ഹമാസ് നേതാക്കളുടെ മക്കള്‍? ഫലസ്തീനികള്‍ കൊല്ലപ്പെടുമ്ബോള്‍ അവര്‍ എന്തു കൊണ്ടാണ് ഹോട്ടലുകളില്‍ കഴിയുന്നത്? ഇന്നിതാ, ഹമാസ് രാഷ്ട്രീയ കാര്യമേധാവി ഇസ്മായില്‍ ഹനിയ്യയുടെ കൊച്ചുമകള്‍ റുഅ ഹമ്മാം ഇസ്മായില്‍ ഹനിയ്യ മദ്‌സറത്തുല്‍ ബുറാഖില്‍ ഇസ്രായേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങളും അഭിനിവേശവും ഉള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു അവള്‍. സമര്‍പ്പണത്തിന്റെ ഏറ്റവും ഉന്നതമായ അര്‍ത്ഥതലങ്ങളുള്ള പോരാട്ടമാണ് പ്രതിരോധം. അത് ഭീകരപ്രവര്‍ത്തനമല്ല. സ്വന്തം ഭൂമിക്കും ശരീരത്തിനും വേണ്ടിയുള്ള പോരാട്ടമാണത്.’

ഒരു വര്‍ഷം മുമ്ബാണ് റുഅ ഖുര്‍ആൻ പഠനം (ഹിഫ്‌സ്) പൂര്‍ത്തിയാക്കിയത്. ഇസ്മായില്‍ ഹനിയ്യ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് മുമ്ബില്‍ ഇവര്‍ ഖുര്‍ആൻ ഉദ്ധരിച്ച്‌ സംസാരിക്കുന്ന വീഡിയോ അല്‍ ജസീറ ചാനല്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. നിരവധി പണ്ഡിതര്‍ പങ്കെടുത്ത സദസ്സിലായിരുന്നു റുഅയുടെ സംസാരം.

നിലവിലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന 15-ാമത്തെ ഹനിയ്യ കുടുംബാംഗമാണ് റുഅ. ഒക്ടോബര്‍ 17ന് ഹനിയ്യയുടെ കുടുംബവീട്ടില്‍ നടത്തിയ ആക്രമണത്തില്‍ സഹോദരൻ അടക്കം 14 ബന്ധുക്കള്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ പത്രമായ ഹാരറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 11000 ലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 4500 പേര്‍ കുട്ടികളും സ്ത്രീകളുമാണ്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തില്‍ 1400 പേരാണ് മരിച്ചിരുന്നത്. ഇരുനൂറിലേറെ പേര്‍ ബന്ദികളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!