KSDLIVENEWS

Real news for everyone

ഉന്നാവിൽ കാണാതായ യുവതിയുടെ മൃതദേഹം മുൻമന്ത്രിയുടെ ആശ്രമത്തിനു സമീപം കണ്ടെത്തി; മകന്‍ പ്രതി

SHARE THIS ON

ഉന്നാവ് (യു.പി.):ഉത്തർപ്രദേശിലെ ഉന്നാവിൽ രണ്ടുമാസംമുമ്പ് കാണാതായ യുവതിയുടെ മൃതദേഹം സമാജ്വാദി പാർട്ടി നേതാവും മുൻമന്ത്രിയുമായ ഫത്തെ ബഹദൂർ സിങ്ങിന്റെ ആശ്രമത്തിനു സമീപത്തെ ഒഴിഞ്ഞപറമ്പിൽ കണ്ടെത്തി. ബഹദൂറിന്റെ മകൻ രജോൽ സിങ്ങാണ് പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി. ഇയാൾക്കെതിരേ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിനൽകിയിരുന്നു.

റിമാൻഡിലുള്ള രജോലിനെ ചോദ്യംചെയ്തതിനു പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഉന്നാവോ അഡീഷണൽ പോലീസ് സൂപ്രണ്ട് ശശി ശേഖർ സിങ് പറഞ്ഞു. ആശ്രമത്തിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം.


ഡിസംബർ എട്ടിനാണ് യുവതിയെ കാണാതായത്. മകളെ രജോൽ തട്ടിക്കൊണ്ടുപോയെന്ന് യുവതിയുടെ അമ്മ ആരോപിച്ചിരുന്നു. ജനുവരി 24-ന് ലഖ്നൗവിൽ എസ്.പി. അധ്യക്ഷൻ അഖിലേഷ് യാദവിന്റെ വാഹനത്തിനുമുന്നിൽ ഇവർ സ്വയംതീകൊളുത്താനും ശ്രമിച്ചിരുന്നു. മകളെ കണ്ടെത്തുന്നതിൽ പോലീസ് അനാസ്ഥകാണിക്കുന്നു എന്ന് ആരോപിച്ചായിരുന്നു ആത്മഹത്യശ്രമം. തൊട്ടുപിന്നാലെ രജോലിനെ പോലീസ് അറസ്റ്റുചെയ്തു.

സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് സർക്കാരിനെതിരേ ബി.എസ്.പി. നേതാവ് മായാവതി രംഗത്തെത്തി. പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അന്വേഷണത്തിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്നും കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ മൃതദേഹം അടക്കംചെയ്യില്ലെന്ന നിലപാടിലാണിവർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!