യോഗിയുടെ പ്രസ്താവന: പ്രതിഷേധിച്ച് കേരളത്തിലെയും ബംഗാളിലെയും അംഗങ്ങൾ; പാർലമെന്റിൽ പ്രതിഷേധം ഇരമ്പി

ന്യൂഡൽഹി:ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദപ്രസ്താവനയെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷപ്രതിഷേധം. ലോക്സഭയിൽ ഭരണ-പ്രതിപക്ഷങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. ലോക്സഭയിൽനിന്ന് പ്രതിപക്ഷവും രാജ്യസഭയിൽനിന്ന് ഇടത് അംഗങ്ങളും ഇറങ്ങിപ്പോയി.
ജാഗ്രതയോടെ വോട്ടുചെയ്തില്ലെങ്കിൽ ഉത്തർപ്രദേശ്, കശ്മീരോ ബംഗാളോ കേരളമോ പോലെയാകുമെന്നായിരുന്നു ആദിത്യനാഥിന്റെ പരാമർശം. ഇരുസഭകളും ചേർന്ന ഉടൻതന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ചു. ചർച്ചവേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ടി.എൻ.പ്രതാപൻ എന്നിവരും രാജ്യസഭയിൽ ജോൺ ബ്രിട്ടാസും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
ലോക്സഭയിൽ ചോദ്യോത്തരവേള ആരംഭിക്കുന്നതിനുമുമ്പ് കോൺഗ്രസ് സഭാനേതാവ് അധീർ രഞ്ജൻ ചൗധരിയാണ് വിഷയം ഉയർത്തിയത്. ഫെഡറൽ വ്യവസ്ഥയ്ക്ക് നിരക്കാത്ത പ്രസ്താവനയാണ് യു.പി. മുഖ്യമന്ത്രി നടത്തിയതെന്നും കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കണമെന്നും അധീർ ആവശ്യപ്പെട്ടു. എന്നാൽ, തുടർന്ന് സംസാരിക്കാൻ സ്പീക്കർ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ബഹളമാരംഭിച്ചു. സ്പീക്കർ നിലപാട് മാറ്റിയില്ല. പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷാംഗങ്ങളുടെ അടിയന്തരപ്രമേയങ്ങൾക്ക് ശൂന്യവേളയിൽ സ്പീക്കർ അനുമതി നിഷേധിച്ചു. വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും സ്പീക്കർ തടഞ്ഞു. ശൂന്യവേള തുടരുന്നതിനിടയിൽ ടി.എം.സി. അംഗം പ്രൊഫ. സൗഗത റോയി വിഷയം വീണ്ടും ഉയർത്തി. സ്പീക്കർക്കുപകരം പാനൽ അംഗം എൻ.കെ. പ്രേമചന്ദ്രനായിരുന്നു സഭാനടപടികൾ നിയന്ത്രിച്ചിരുന്നത്. വിഷയം ഉന്നയിക്കാൻ സൗഗതയെ അനുവദിച്ചു. പ്രസ്താവന ജനാധിപത്യ വിരുദ്ധമാണെന്ന് സൗഗത ആരോപിച്ചു. സൗഗതയുടെ പരാമർശങ്ങൾക്കെതിരേ ഭരണപക്ഷം പ്രതിഷേധവുമായി എഴുന്നേറ്റു. സംസ്ഥാനവിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്ന കീഴ്വഴക്കമില്ലെന്ന് ബി.ജെ.പി. അംഗം നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി. ഇതെച്ചൊല്ലി ഭരണ-പ്രതിപക്ഷ വാക്കേറ്റമായി.
പുറത്തെ രാഷ്ട്രീയവിഷയങ്ങൾ മുമ്പും സഭയിൽ ഉന്നയിച്ചിട്ടുണ്ടെന്നും സൗഗത റോയി പ്രസംഗത്തിൽ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്നും പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പരാമർശങ്ങളിൽ ചട്ട ലംഘനമുണ്ടെങ്കിൽ നീക്കാമെന്നും റൂളിങ് നൽകി. സൗഗതയും നിഷികാന്തും തമ്മിൽ തുടർന്നും തർക്കം മുറുകിയപ്പോൾ സഭാധ്യക്ഷൻ അടുത്ത കാര്യ പരിപാടിയിലേക്ക് കടന്നു. ഇതോടെ സഭ ശാന്തമായി.

