ക്രിപ്റ്റോ കറന്‍സി അടക്കമുള്ള ഡിജിറ്റല്‍ നാണയങ്ങള്‍ നിയമവിധേയമാക്കില്ലെന്ന സൂചനയുമായി കേന്ദ്രം

ക്രിപ്റ്റോകറന്‍സി അടക്കമുള്ള ഡിജിറ്റല്‍ നാണയങ്ങള്‍ നിയമവിധേയമാക്കില്ലെന്ന സൂചനയുമായി കേന്ദ്രസര്‍ക്കാര്‍. നികുതി ചുമത്തുന്നതിന് നിയമവിധേയം എന്നര്‍ഥമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് രാജ്യസഭയില്‍ പറഞ്ഞു. ക്രിപ്റ്റോകറന്‍സി അടക്കമുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30% നികുതിയാണ് ബജറ്റില്‍ ചുമത്തിയിരിക്കുന്നത്.
ക്രിപ്റ്റോകറന്‍സി ബിറ്റ്കോയിന് എന്നിവ അടക്കമുള്ള ഡിജിറ്റല്‍ ആസ്തികള്‍ ഇന്ന് ഇന്റര്‍നെറ്റ് ലോകത്ത് സുപരിചിതമാണ്. ഇവയുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിനാണ് 30 ശതമാനം നികുതി കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ചുമത്തിയിരിക്കുന്നത്.
സമ്മാനമായി ലഭിക്കുന്ന ക്രിപ്റ്റോകറന്‍സിക്കും നികുതി ബാധകമാണ്. എന്നാല്‍ നികുതി ചുമത്തുന്നതിന് നിയമ വിധേയമാക്കുക എന്നര്‍ഥം ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് രാജ്യസഭയില്‍ പറഞ്ഞു.വിലക്കുന്ന കാര്യമോ നിയമവിധേയമാക്കുന്ന കാര്യമോ ഇപ്പോള്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനയിലില്ല. ഡിജിറ്റല്‍ നാണയങ്ങളുടെ നിരോധനം തനിക്ക് ലഭിക്കുന്ന വിദഗ്ധ ഉപദേശത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കുമെന്നും നിര്‍മലാ സീതാരാമന് വ്യക്തമാക്കി.
അതേസമയം, ഈ രംഗത്ത് നിക്ഷേപം നടത്തിയ പൗരന്മാര്ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണ് മന്ത്രിയുടെ വാക്കുകള്‍. റിസര്‍വ് ബാങ്ക് തന്നെ ഡിജിറ്റല്‍ റുപ്പി അവതരിപ്പിക്കാന്‍ ഒരുങ്ങിയ വേളയില്‍ മറ്റു ഡിജിറ്റല്‍ നാണയങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ ഉള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത് എന്നാണ് ലഭിക്കുന്ന സൂചന.

