KSDLIVENEWS

Real news for everyone

മമതയും അനന്തരവനും രണ്ടുതട്ടില്‍; ഒരാള്‍ക്ക് ഒരു പദവി’യുടെ പേരില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്

SHARE THIS ON

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും അനന്തരവൻ അഭിഷേക് ബാനർജിയും തമ്മിൽ തർക്കവും അഭിപ്രായ വ്യത്യാസവും രൂക്ഷമെന്ന് റിപ്പോർട്ട്. ഭിന്നതയെ തുടർന്ന് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് തൃണമൂൽ വിടാനുള്ള സാധ്യതയുണ്ടെന്നും സൂചനയുണ്ട്. സംസ്ഥാനത്ത് ശനിയാഴ്ച നാല് മുൻസിപ്പാലിറ്റികളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലും പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളാണ് പ്രധാന ചർച്ചാവിഷയം. മുതിർന്ന നേതാക്കളെ വിളിച്ചുകൂട്ടി മമത ബാനർജി ഇന്ന് ചർച്ച നടത്തുന്നുണ്ട്.

പാർട്ടിയിൽ ‘ഒരാൾക്ക് ഒരു പദവി’ എന്ന അഭിഷേക് മുന്നോട്ട് വയ്ക്കുന്ന നയത്തോട് മുതിർന്ന നേതാക്കൾക്ക് എതിർപ്പുണ്ട്. അതോടൊപ്പം, യുപിയിൽ എസ്.പിക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോൾ ഗോവയിൽ കൂടി പ്രചാരണത്തിന് പോകുമോ എന്ന ചോദ്യത്തിന് മമത നൽകിയ മറുപടിയും അതൃപ്തിയുടെ സൂചനയായി വിലയിരുത്തപ്പെടുന്നു. ‘അത് മറ്റുചിലർ ചെയ്യുന്നുണ്ടെ’ന്നായിരുന്നു അഭിഷേകിനെ ലക്ഷ്യമിട്ട് മമത പറഞ്ഞത്. ചിലയാളുകൾ എന്നത്കൊണ്ട് മമത ഉദ്ദേശിക്കുന്നത് അഭിഷേകിനെയാണെന്നും ഇരുവരും തമ്മിൽ ഭിന്നത രൂക്ഷമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്.


തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ ഐപാക് സംഘടനയുമായി ബന്ധപ്പെട്ട് അഭിഷേകാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, തൃണമൂൽ കോൺഗ്രസിന്റെയോ പാർട്ടിയുടെ ഒരു നേതാവിന്റെയോ നവമാധ്യമ അക്കൗണ്ടുകൾ തങ്ങൾ കൈകാര്യം ചെയ്യുന്നില്ലെന്ന് ഐപാക് ട്വീറ്റ് ചെയ്തു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കുകയാണെന്നും മമതയും അഭിഷേകും തമ്മിൽ ഒരു പ്രശ്നവുമില്ലെന്നും തൃണമൂൽ കോൺഗ്രസും ഐപാകും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!