ചക്കയെച്ചൊല്ലി തർക്കം: അച്ഛൻ വീടിന് തീയിട്ടു, മക്കളുടെ ഹാൾടിക്കറ്റും പുസ്തകങ്ങളും കത്തിനശിച്ചു

തൃശ്ശൂർ: സഹോദരിയുടെ വീട്ടിൽനിന്ന് ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ടുണ്ടായ വഴക്കിനെത്തുടർന്ന് യുവാവ് വീടിനു തീയിട്ടു. കത്തിയമർന്നത് മക്കളുടെ പുസ്തകങ്ങളും പത്താംക്ലാസ് പരീക്ഷയുടെ ഹാൾടിക്കറ്റും വസ്ത്രങ്ങളുമെല്ലാം. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അവിണിശേരി ചെമ്പാലിപ്പുറത്ത് വീട്ടിൽ സജേഷ് (46) ആണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
സജേഷിന്റെ അച്ഛൻ ശ്രീധരന്റെ പരാതിയിലാണ് അറസ്റ്റ്. സജേഷിന്റെ രണ്ടു പെൺമക്കളിൽ ഒരാൾ പത്താംക്ലാസിലും ഒരാൾ എട്ടാംക്ലാസിലുമാണ് പഠിക്കുന്നത്.
ശ്രീധരൻ മകളുടെ വീട്ടിൽനിന്ന് ചക്ക കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകീട്ടുതന്നെ തർക്കമുണ്ടായിരുന്നു. തുടർന്ന് സജേഷിന്റെ മക്കളെയും കൂട്ടി ശ്രീധരനും ഭാര്യയും മകളുടെ വീട്ടിലേക്കു പോകുകയായിരുന്നു. സജേഷിന്റെ ഭാര്യ വിദേശത്താണ്. വീടിനു തീയിട്ട കാര്യം അയൽവാസികളാണ് ശ്രീധരനെ ഫോൺ വിളിച്ച് അറിയിച്ചത്. ഉടൻ അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീയണച്ചു.

