രാത്രി വീട്ടിൽ കയറി ഡോക്ടറെ കുത്തിയ സംഭവം: ദുരൂഹത തുടരുന്നു, അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല

കാസർകോട് ∙ രാത്രി വീട്ടിൽ അതിക്രമിച്ചു കയറി യുവ ഡോക്ടറെ കുത്തിപരുക്കേൽപ്പിച്ച സംഭവത്തിൽ ഒന്നരമാസത്തോളമായിട്ടും ദുരൂഹത നീങ്ങിയില്ല. ഹിന്ദി സംസാരിക്കുന്നവരടക്കമുള്ള ഇതര സംസ്ഥാനക്കാരായ മുപ്പതോളം പേരെ ചോദ്യം ചെയ്തുവെങ്കിലും പ്രതികളിലേക്കു എത്തുന്ന തെളിവുകളൊന്നും പൊലീസിനു ലഭിച്ചിട്ടില്ല. പ്രതികളുടെ രൂപ രേഖ തയാറാക്കാൻ മാത്രമുള്ള വിവരങ്ങൾ നൽകാൻ വീട്ടുകാർക്കു സാധിക്കാത്തത് അന്വേഷണത്തിനു തടസ്സമാകുന്നുണ്ട്. ആളുമാറിയുള്ള ആക്രമണമാണോ ഉണ്ടായതെന്നും പൊലീസ് അന്വേഷിച്ചു. പരാതിക്കാരന്റെ കുടുംബത്തിനു സാമ്പത്തിക ബാധ്യതയുണ്ടെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28നു രാത്രിയാണു കാസർകോട് കെയർവെൽ ആശുപത്രിയിലെ ഡോക്ടറും മൊഗ്രാൽപുത്തുർ സിപിസിആർഐ ഗസ്റ്റ് ഹൗസിനടുത്തെ കെ.സി.കോംപൗണ്ടിലെ കെ.സി. ഷാബിൽ നാസറി (26)നെ വാഹനത്തിലെത്തിയ സംഘം വീട്ടിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചത്. പരുക്കേറ്റ ഡോക്ടർ ദിവസങ്ങളോളം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരു ചടങ്ങിൽ പങ്കെടുത്തു ഡോക്ടറും മാതാവും ഉൾപ്പെടെയുള്ളവർ രാത്രി 11.30 മണിയോടെയാണു വീട്ടിൽ മടങ്ങിയെത്തിയത്.

