ഷെല്ലാക്രമണമോ വെടിവെപ്പോ ഇല്ല; 19 ദിവസങ്ങൾക്ക് ശേഷം ശാന്തമായി ഉറങ്ങി കശ്മീരും അതിർത്തി പ്രദേശങ്ങളും

ന്യൂഡൽഹി: വെടിനിർത്തൽ ധാരണയ്ക്ക് പിന്നാലെ ശാന്തമായി ജമ്മു കശ്മീരും അതിർത്തി പ്രദേശങ്ങളും. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചേയുമായി ഷെല്ലാക്രമണമോ വെടിവെപ്പോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രദേശങ്ങൾ സമാധാനപരമായിരുന്നുവെന്നും സൈന്യം വ്യക്തമാക്കി. 19 ദിവസങ്ങൾക്ക് ശേഷമാണ് അതിർത്തി ഗ്രാമങ്ങൾ ശാന്തമായി ഉറങ്ങി ഉണർന്നത്.
കനത്ത ഷെല്ലാക്രമണത്തിൽ ദുരന്തങ്ങൾ അഭീമുഖീകരിച്ച അതിർത്തി പ്രദേശമായ പൂഞ്ചിലെ സുരൻകോട്ട് സാധാരണനില കൈവരിക്കാൻ തുടങ്ങിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസം മുൻപ് വരെ സുരൻകോട്ടിൽ കനത്ത ഷെല്ലാക്രമണം നടന്നിരുന്നു. പരിഭ്രാന്തരായ ജനങ്ങൾ അടുത്തുള്ള മലയോര ഗ്രാമങ്ങളിലും ബങ്കറുകളിലും അഭയം തേടി. സ്ഥിതിഗതികൾ മെച്ചപ്പെടുന്ന സാഹചര്യത്തിൽ സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
ശ്രീനഗർ, പത്താൻകോട്ട്, രജൗരി, അഖ്‌നുർ, ജമ്മു, കുൽഗാം, ശ്രീ ഗംഗാനഗർ, ബുദ്ഗാം എന്നിവിടങ്ങളിലും സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ. ചണ്ഡീഗഢിൽ നിയന്ത്രണങ്ങൾ ഞായറാഴ്ച പിൻവലിച്ചിരുന്നു. ജയ്സാൽമീറും പൂർവ്വസ്ഥിതിയിലേക്ക് മാറുകയും മാർക്കറ്റ് അടക്കം തുറന്നുപ്രവർത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

