മുന്‍മന്ത്രി എം.പി ഗോവിന്ദന്‍ നായര്‍ അന്തരിച്ചുമുന്‍മന്ത്രി എം.പി ഗോവിന്ദന്‍ നായര്‍ അന്തരിച്ചു

കോട്ടയം: മുൻ മന്ത്രി അഡ്വ. എം.പി.ഗോവിന്ദൻ നായർ (96) അന്തരിച്ചു. കോട്ടയം മുട്ടമ്പലത്തുള്ള വസതിയിൽ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി വിശ്രമ ജീവിതത്തിലായിരുന്നു.
1962-ൽ ആർ. ശങ്കർ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്നു. 2012 മുതൽ 2015 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായും പ്രവർത്തിച്ചു. ഈ മൂന്നു വർഷത്തെ ഇടവേള ഒഴിച്ചാൽ 1950 മുതൽ 2019 ആദ്യം വരെ അഭിഭാഷകവൃത്തിയിൽ സജീവ സാന്നിധ്യമായിരുന്നു. കോട്ടയം ഡി.സി.സി.പ്രസിഡന്റ്, കെ.പി.സി.സി., എ.ഐ.സി.സി.അംഗം, എൻ.എസ്.എസ് പ്രതിനിധിസഭാ അംഗം, ഡയറക്ടർ ബോർഡ് മെമ്പർ, ആതുര സേവാ സംഘം പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളിൽ പ്രവർത്തിച്ചു.
കോട്ടയത്തിനടുത്ത് പാറമ്പുഴ പുത്തൻപുരയിൽ എൻ.പരമേശ്വരൻ പിള്ളയുടെയും കുഞ്ഞുകുട്ടിയമ്മയുടെയും മകനായി 1926 ഏപ്രിൽ 27നായിരുന്നു ജനനം. സ്കൂൾപഠനത്തിന് ശേഷം കോട്ടയം സി.എം.എസ്.കോളേജിൽ ഇന്റർ മിഡിയേറ്റ്, ആലുവ യു.സി. കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ എക്കണോമിക് സിൽ ബി.എ. ബിരുദം. തുടർന്ന് തിരുവനന്തപുരം ലാ കോളേജിൽ നിന്ന് ബി.എൽ.പാസ്സായി. 1950 നവംബറിൽ കോട്ടയം ബാറിലെ അഭിഭാഷകനായി. 24-ാം വയസ്സിൽ വിജയപുരം പഞ്ചായത്ത് പ്രസിഡന്റായി.
34-ാം വയസ്സിൽ ആർ.ശങ്കർ മന്ത്രിസഭയിൽ അംഗമായി. 1960 ൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി ആയി കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിച്ച് സി.പി. ഐ.യുടെ എൻ.രാഘവ കുറുപ്പിനെ തോൽപ്പിച്ചാണ്.ഗോവിന്ദൻ നായർ നിയമസഭയിലേക്കെത്തിയത്. ശങ്കർ മന്ത്രിസഭയിൽ ആരോഗ്യത്തിന് പുറമേ വനം, ദേവസ്വം വകുപ്പുകളുടെയും ചുമതല വഹിച്ചു. 16 കോൺഗ്രസ്സ് എം.എൽ.എ.മാരുടെ രാജിയോടെ ആർ. ശങ്കർ മന്ത്രിസഭ നിലംപതിക്കുമ്പോഴും എം.പി. ഗോവിന്ദൻ നായർ അടിയുറച്ച കോൺഗ്രസ്സ് നേതാവായി നിലകൊണ്ടു. തന്റെ ആരാധ്യ പുരുഷനായ മന്നത്ത് പത്മനാഭന്റ അനുഗ്രഹാശിസ്സുകൾ അപ്പോഴും തനിക്ക് ലഭിച്ചിരുന്നതായി ഗോവിന്ദൻ നായർ പിൽക്കാലത്തു ഓർമ്മപ്പെടുത്തിയിട്ടുണ്ട്.
മന്ത്രി സ്ഥാനം ധർമ്മബോധത്തോടെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മാത്രമായി വിനിയോഗിച്ച ഗോവിന്ദൻ നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനുമാണ് മുൻകൈ എടുത്തത്.
പൂഞ്ഞാർ കൊട്ടാരത്തിലെ ഗോദവർമ്മ രാജയുടെ മകൾ പരേതയായ ശാരദാദേവിയായിരുന്നു ഭാര്യ. മകൾ: സുധ. മരുമകൻ: റിട്ട: കേണൽ പി.എസ്.സി.നായർ. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. പിതൃസഹോദര പുത്രനാണ്. സംസ്കാരം വ്യാഴാഴ്ച.

