KSDLIVENEWS

Real news for everyone

നീറ്റ് പരീക്ഷ ഒഴിവാക്കാന്‍ നിയമനിർമാണവുമായി തമിഴ്നാട്: ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് സ്റ്റാലിന്‍

SHARE THIS ON

ചെന്നൈ: നീറ്റിനെതിരേ നിയമനിർമാണവുമായി തമിഴ്നാട് സർക്കാർ. നീറ്റ് ഒഴിവാക്കുന്ന ബില്ല് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിയമസഭയിൽ അവതരിപ്പിച്ചു. മത്സര പരീക്ഷകളല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് സഭയിൽ അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിൻ പറഞ്ഞു. ബില്ലിനെ പ്രതിപക്ഷമായ അണ്ണാ ഡിഎംകെയും പിന്തുണച്ചു. രാജ്യത്ത് ആദ്യമായിട്ടാണ് നീറ്റിനെ എതിർക്കുന്ന ബില്ലുമായി ഒരു സംസ്ഥാനം മുന്നോട്ടുപോകുന്നത്.

പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം എന്നുള്ളതായിരുന്നു തമിഴ്നാട്ടിൽ നേരത്തെയുണ്ടായിരുന്ന സംവിധാനം. എന്നാൽ നീറ്റ് വന്നതോടെ പ്ലസ്ടുവിന് നല്ല മാർക്ക് നേടുന്നവർക്കുപോലും നീറ്റ് വിജയിക്കാനാകാത്ത സ്ഥിതിവന്നു. ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥി ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.


അധികാരത്തിലെത്തിയാൽ നീറ്റ് ഒഴിവാക്കും എന്നത് ഡിഎംകെയുടെ തിരഞ്ഞെടുപ്പ് വാദ്ഗാനമായിരുന്നു. നേരത്തെ അണ്ണാ ഡിഎംകെ സർക്കാർ, നീറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു പ്രമേയം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ അതൊരു ബില്ലായി തന്നെ നടപ്പിലാക്കാനുള്ള ശ്രമമാണ് ഡിഎംകെ നടത്തുന്നത്.

നീറ്റ് പരീക്ഷകൊണ്ട് വിദ്യാർഥികൾക്കുണ്ടാകുന്ന പ്രയാസങ്ങൾ മനസ്സിലാക്കാൻ തയ്യാറാകാതെ കേന്ദ്രസർക്കാർ പിടിവാശി കാണിക്കുകയാണെന്ന് നേരത്തെ സ്റ്റാലിൻ കുറ്റപ്പെടുത്തിയിരുന്നു. നീറ്റ് പരീക്ഷ കേന്ദ്രസർക്കാർ പിൻവലിക്കുംവരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീറ്റ് പരീക്ഷാപ്പേടിയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!