കാഞ്ഞങ്ങാട് നഗരത്തിലെ കുരുക്ക് ഒഴിവാക്കാൻ പുതിയ മാറ്റങ്ങൾ

കാഞ്ഞങ്ങാട് ∙ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി പുതിയ മാറ്റങ്ങൾ നടപ്പിലാക്കി. പെട്രോൾ പമ്പിന് സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ അടക്കമുള്ള ചെറിയ വാഹനങ്ങൾ കോട്ടച്ചേരി ഭാഗത്തേക്ക് വരാൻ ഇനി പഴയ കൈലാസ് തിയറ്ററിന് സമീപത്തെത്തി യു ടേൺ എടുത്ത് വരണം. നേരത്തെ സർവീസ് റോഡ് വഴി കോട്ടച്ചേരി ട്രാഫിക് സർക്കിളിലേക്ക് വരികയാണ് ചെയ്തിരുന്നത്. ഇത് അപകടങ്ങൾക്കും കാരണമായിരുന്നു. നിയന്ത്രണം മറികടന്നു വരുന്ന വാഹനങ്ങളെ തടയാനായി പെട്രോൾ പമ്പിന് സമീപത്ത് ഇന്നലെ ഹോംഗാർഡിനെയും നിയമിച്ചു. നിയന്ത്രണം മറികടന്നു വരുന്ന ഓട്ടോകളെ ഇദ്ദേഹം കൈലാസ് തിയറ്ററിന് സമീപത്ത് പോയി യു ടേൺ എടുത്ത് വരാൻ നിർദേശം നൽകി. അതേ സമയം കാൽനട യാത്രക്കാരുടെ വഴി ഇല്ലാതാക്കി വാഹനങ്ങൾക്ക് യു ടേൺ സൗകര്യം നൽകിയതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. വാഹനങ്ങൾക്ക് വഴി ഒരുക്കിയതിലൂടെ കാൽനടയാത്രക്കാരുടെ വഴി ഇല്ലാതായി എന്നതാണ് പരാതി.”

