മനുഷ്യമാംസം കഴിച്ചിട്ടില്ലെന്ന് ലൈല; പശ്ചാത്താപമില്ലാത്ത പ്രതികളുടെ മാനസികാവസ്ഥയിലും പോലീസിന് സംശയം

കൊച്ചി: മനുഷ്യമാംസം ഭക്ഷിച്ചുവെന്ന ആരോപണം നിഷേധിച്ച് നരബലിക്കേസിലെ പ്രതിയായ ലൈല. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ കാക്കനാട് ജില്ലാ ജയില്‍ പരിസരത്തുവച്ച് മാധ്യമപ്രവര്‍ത്തകരോടാണ് ലൈലയുടെ പ്രതികരണം. ആയൂരാരോഗ്യത്തിനായി ഷാഫിയുടെ നിര്‍ദേശപ്രകാരം ലൈയും ഭര്‍ത്താവ് ഭഗവല്‍ സിങ്ങും കൊലപാതകത്തിനുശേഷം മാംസം പാചകംചെയ്ത് കഴിച്ചുവെന്ന വിവരങ്ങളാണ് നേരത്തെ പുറത്തുവന്നിരുന്നത്.
പ്രതികള്‍ മനുഷ്യമാസം ഭക്ഷിച്ചതായി വിവരമുണ്ടെന്നും ഇതിന് തെളിവ് ലഭിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പോലീസ് വ്യക്തമാക്കിയിരുന്നു. ഇതാണിപ്പോള്‍ ലൈല നിഷേധിച്ചത്. അതേസമയം, ഈ മാസം 24 വരെ പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ച സാഹചര്യത്തില്‍ വിശദമായ ചോദ്യംചെയ്യലില്‍ ഇക്കാര്യങ്ങളിലടക്കം കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പോലീസിന്റെ നിഗമനം.
അതേസമയം ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനെ കൊലപ്പെടുത്താന്‍ ആലോചിച്ചിരുന്നോ എന്ന ചോദ്യത്തോട് ലൈല പ്രതികരിച്ചില്ല. ഷാഫി തന്നെയാണോ ഇതിനെല്ലാം പിന്നിലെന്ന ചോദ്യത്തോടും മറുപടി പറയാന്‍ അവര്‍ തയ്യാറായില്ല.

