ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ അബുദാബിയുടെ എണ്ണക്കപ്പൽ ലക്ഷ്യമിട്ട് ഇറാൻ; ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന അബുദാബി നാഷനൽ ഓയിൽ കമ്പനി (അഡ്നോക്)യുടെ ഒരു കപ്പലിനു നേരെ ഇന്നലെ വൈകിട്ട് ആക്രമണം. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയെന്നും അഡ്നോക് അറിയിച്ചു.
കടൽ യാത്രക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനൊപ്പം കപ്പൽ ഗതാഗതത്തിനുള്ള സ്വാതന്ത്ര്യവും സമുദ്രസുരക്ഷയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അഡ്നോക് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗിക ഉറവിടങ്ങളിൽനിന്നു മാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും കമ്പനി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ഹോർമുസ് കടലിടുക്കിലൂടെ ഓഗസ്റ്റ് 13ന് കടന്നുപോകുന്നതിനിടെ തങ്ങളുടെ രണ്ട് കപ്പലുകൾ ആക്രമിക്കപ്പെട്ടതായി അഡ്നോക് നേരത്തേ അറിയിച്ചിരുന്നു. അന്നും പരുക്കുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
∙ ഇറാന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
അഡ്നോക് കപ്പലിനു നേരെയുണ്ടായ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പലിനെ ലക്ഷ്യമിട്ട ഇറാന്റെ ആക്രമണം അംഗീകരിക്കാനാകാത്ത നടപടിയാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും രാജ്യാന്തര സമുദ്രപാതകളിലെ ഗതാഗതം തടസ്സപ്പെടുത്തുന്നതും നാവിഗേഷൻ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം വ്യക്തമാക്കിയ യുഎൻ രക്ഷാസമിതി പ്രമേയം 2817ന്റെ നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും ഹോർമുസ് കടലിടുക്കിനെ സാമ്പത്തിക സമ്മർദത്തിനും ഭീഷണിപ്പെടുത്തലിനുമുള്ള ഉപാധിയാക്കുന്നതും ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കടൽക്കൊള്ളയ്ക്ക് തുല്യമായ നടപടികളാണെന്നും യുഎഇ വ്യക്തമാക്കി. ഇത്തരം നടപടികൾ മേഖലയുടെ സ്ഥിരതയ്ക്കും ജനങ്ങളുടെ സുരക്ഷയ്ക്കും ആഗോള ഊർജസുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പ്രകോപനമില്ലാത്ത ഇത്തരം ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കാനും എല്ലാ ശത്രുതാപരമായ നടപടികളും അവസാനിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ഉറപ്പാക്കാനും ഇറാൻ തയാറാകണമെന്ന് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് പൂർണമായും ഉപാധികളില്ലാതെയും വീണ്ടും തുറക്കണമെന്നും മേഖലയുടെ സുരക്ഷയും ആഗോള സമ്പദ്വ്യവസ്ഥയുടെയും വ്യാപാരത്തിന്റെയും സ്ഥിരതയും ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്നും യുഎഇ വ്യക്തമാക്കി. ഈജിപ്ത്, ജോർദാൻ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കുനേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളെ അപലപിച്ചു.
∙ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഭവം
ഓഗസ്റ്റ് 14ന് നടന്ന ആക്രമണം ഏകദേശം ഒരാഴ്ചയ്ക്കിടെ അഡ്നോക് കപ്പലുകൾക്കെതിരെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണ്. ഓഗസ്റ്റ് എട്ടിന് പുലർച്ചെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിനിടെ അഡ്നോകിന്റെ ഒരു കപ്പലിനു നേരെ മിസൈൽ ആക്രമണം നടന്നതായി കമ്പനി അറിയിച്ചിരുന്നു. അന്നും ആർക്കും പരുക്കേറ്റിരുന്നില്ല.
യുദ്ധം ആരംഭിച്ചതിനു ശേഷം കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണങ്ങളിൽ ഒരു ജീവനക്കാരൻ മരിക്കുകയും 20 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ഓഗസ്റ്റ് ഏഴിന് അഡ്നോക് വ്യക്തമാക്കിയിരുന്നു. ജൂലൈ 14ന് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന അസംസ്കൃത എണ്ണ ടാങ്കറുകളായ അൽ ബഹിയ, മൊംബാസ ബി എന്നിവയ്ക്കുനേരെ പ്രോജക്ടൈലുകൾ പതിച്ചതിനെ തുടർന്നാണ് ഒരാൾ മരിച്ചത്.

