KSDLIVENEWS

Real news for everyone

കാസര്‍കോടെന്താ കേരളത്തിലല്ലേ’; എന്തിനീ സ്ത്രീയെ നിങ്ങള്‍ പട്ടിണിക്കിടുന്നു?

SHARE THIS ON

കാസര്‍കോട് എന്ന ജില്ല കേരളത്തിലേ അല്ലെന്ന സമീപനമാണ് ഭരണാധികാരികള്‍ക്കെന്നത് എല്ലാക്കാലത്തും ഉയരുന്ന ആരോപണമാണ്. അതില്‍ തരിമ്പും വാസ്തവമില്ലെന്ന് പറയാനുമാകില്ല. കാസര്‍കോട് എന്നു പറയുമ്പോള്‍ ഏറെപ്പേരുടെയും മനസ്സിലേക്ക് കടന്നുവരുന്നത് എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ തീവ്രതയാണ്. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ ഇരകള്‍ക്കുവേണ്ടി തിരുവവനന്തപുരത്ത് ഒരാള്‍ തെരുവില്‍ സമരത്തിലാണ്. ദയാബായി എന്നാണ് അവരുടെ പേര്. കേരളത്തിനോ ലോകത്തിനു തന്നെയോ ഒട്ടും അപരിചതയല്ല അവര്‍.

സമരത്തിന്റെയും സഹനത്തിന്റെയും കനലുകള്‍ താണ്ടി ഇങ്ങ് മലയാളനാടിന്റെ തലസ്ഥാനത്തെത്തി ദയാബായി എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് വേണ്ടി സമരത്തിലാണ്. ആ സമരത്തിന് ഒറ്റ മുഖമേയുള്ളു, അവരുടേത് മാത്രം. മഴയും വെയിലും കൊണ്ട് വാടുന്ന രാഷ്ട്രീയക്കാരെപ്പോലെയല്ല ദയാബായിയെന്ന് അവരെ അറിയുന്ന എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ആ സമരത്തിനോട് ഭരണകൂടം മുഖം തിരിച്ചിരിക്കുന്നതെന്തിനാണ്?
സമരം 12 ദിനരാത്രങ്ങള്‍ കടന്നുപോയി. പ്രതിപക്ഷത്തുനിന്ന് വി.ഡി. സതീശനും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനുമൊക്കെ എത്തി സമരത്തിന് പിന്തുണ അറിയിക്കുന്നു. കാസര്‍കോട് ജില്ലയില്‍ വിദഗ്ധ ചികിത്സാ സംവിധാനം ഒരുക്കുക, ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുക, എയിംസ് നിര്‍ദ്ദേശ പട്ടികയില്‍ കാസര്‍കോട് ജില്ലയുടെ പേരും ചേര്‍ക്കുക തുടങ്ങിയവയാണ് സമരത്തിന്റെ പ്രധാന ആവശ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!