ഇസ്രായേലിന് ആയുധക്കച്ചവടം; ആസ്‌ട്രേലിയൻ കടലില്‍ കപ്പല്‍ തടഞ്ഞ് സാമൂഹികപ്രവര്‍ത്തകര്‍

സിഡ്‌നി: ഇസ്രായേല്‍ കപ്പല്‍ തടഞ്ഞ് ആസ്‌ട്രേലിയൻ സാമൂഹികപ്രവര്‍ത്തകര്‍. സിഡ്‌നി പോര്‍ട്ട് ബോട്ടണിയിലാണ് നൂറുകണക്കിന് ജെറ്റ് സ്‌കികളില്‍ പ്രതിഷേധക്കാര്‍ കപ്പലിനെ വളഞ്ഞത്.
ഫലസ്തീൻ പതാകകളുമായെത്തിയ നൂറുകണക്കിനുപേര്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി.
ആസ്‌ട്രേലിയൻ ഫലസ്തീൻ ജസ്റ്റിസ് മൂവ്‌മെന്റ് എന്ന സംഘടനയാണ് ‘ ബ്ലോക്ക് ദ ബോട്ട്’ എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഇസ്രായേല്‍ ചരക്കുകപ്പലായ ‘സിം’ ആണ് ഇവര്‍ തടഞ്ഞത്. ഇസ്രായേലിലേക്ക് ആയുധം കൊണ്ടുപോകാനാണ് കപ്പല്‍ എത്തുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. ഇസ്രായേല്‍ ഭരണകൂടത്തിന്റെയും സൈന്യത്തിന്റെ മുഖ്യകൂട്ടാളികളാണ് ഇവരെന്നും ആരോപണമുണ്ട്.
ഇസ്രായേല്‍ ഗസ്സയില്‍ കൂട്ടക്കുരുതി തുടരുന്ന കാലത്തോളം അവരുടെ ഒരു കപ്പലിനെയും പോര്‍ട്ട് ബോട്ടണിയിലേക്കു കടത്തില്ലെന്ന് മൂവ്‌മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. കപ്പല്‍ തടയാൻ അനുവദിക്കില്ലെന്ന ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിൻസിന്റെ മുന്നറിയിപ്പ് ലംഘിച്ച് ഇവര്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുകയായിരുന്നു. ഒരു സ്വതന്ത്ര രാജ്യത്താണു കഴിയുന്നതെന്നു കരുതി തുറമുഖത്തിറങ്ങി ആസ്‌ട്രേലിയയും ലോകത്തുടനീളമുള്ള പങ്കാളികളും തമ്മില്‍ നടക്കുന്ന നിയമപരമായ വ്യാപാരത്തെ തടസപ്പെടുത്താനാകുമെന്ന് കരുതേണ്ടെന്നായിരുന്നു ക്രിസ് മിൻസിന്റെ മുന്നറിയിപ്പ്.

കഴിഞ്ഞ ബുധനാഴ്ച മെല്‍ബണ്‍ തുറമുഖത്തിലും സമാനമായ പ്രതിഷേധം അരങ്ങേറിയിരുന്നു. ഇസ്രായേല്‍ കപ്പലിലേക്ക് ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ബെല്‍ജിയത്തിലും യു.എസിലെ ടകോമ തുറമുഖത്തിലും നടന്ന പ്രതിഷേധങ്ങളുടെ ചുവടുപിടിച്ചായിരുന്നു ഇത്.
അതിനിടെ, ഇസ്രായേലിനുള്ള ആയുധക്കച്ചവടം തടയണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍ ആസ്‌ട്രേലിയൻ കോടതിയെ സമീപിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും ഗൂഢമായതും കണക്കില്ലാത്തതുമായ ആയുധക്കയറ്റുമതി നടത്തുന്ന രാജ്യമാണ് ആസ്‌ട്രേലിയയെന്നാണ് ഗ്രീൻസ് പാര്‍ട്ടി സെനറ്റര്‍ ഡേവിഡ് ഷോബ്രിഡ്ജ് ആരോപിച്ചത്. ആര്‍ക്കൊക്കെ ഏതൊക്കെ ആയുധങ്ങളാണു നല്‍കുന്നതെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തുന്നില്ല. ആയുധക്കച്ചവടത്തില്‍നിന്ന് ആരാണു ലാഭമുണ്ടാക്കുന്നതെന്നും പറയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങള്‍ നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇസ്രായേല്‍ ഗസ്സയില്‍ ആക്രമണം നടത്തുന്നതെന്ന് ഓസീസ് മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ആന്റണി ലോവെൻസ്‌റ്റൈൻ ആരോപിച്ചു. ഇസ്രായേലിനുള്ള ആയുധക്കച്ചവടത്തെ ആസ്‌ട്രേലിയയിലെ പ്രധാന പാര്‍ട്ടികളെല്ലാം പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

