പെട്രോൾ പമ്പിലെ ജനറേറ്റർ കത്തിനശിച്ചു; ഒഴിവായത് വൻ ദുരന്തം

നീലേശ്വരം: നീലേശ്വരം ബസ്സ്റ്റാൻഡ് പരിസരത്തെ ഭാരത് പെട്രോൾ പമ്പിലെ ജനറേറ്ററിന് തീപിടിച്ചു. അപകടം, ജീവനക്കാരുടെ സമയോചിതമായ ഇടപെടൽകൊണ്ട് ഒഴിവായി.
ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. പെട്രോൾപമ്പിന് സമീപത്തെ ഓഫീസ് കെട്ടിടത്തിന്റെ പുറകിലായിരുന്നു ജനറേറ്റർ ഉണ്ടായിരുന്നത്. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നു. ഇതിൽ ചെറുതായി ഓയിൽ ചോർച്ചയുണ്ടായിരുന്നു. അതാണ് തീപടരാൻ കാരണമായത്. ഈ സമയം 8000 ലിറ്റർ ഡീസലും 600 ലിറ്റർ പെട്രോളും പമ്പിലെ സംഭരണിയിലുണ്ടായിരുന്നു.
ജീവനക്കാരി പ്രേമയാണ് അസാധാരണമായി ഓഫീസിന് പുറകിൽനിന്നും കരിമ്പുക ഉയരുന്നത് കണ്ടത്. ഈ സമയം ജോലിയിലുണ്ടായിരുന്ന കെ. കരുണാകരൻ, ശ്രീജിത്ത്, വിദ്യ എന്നിവരോട് വിവരം പറഞ്ഞു. ഉടൻ ശ്രീജിത്തും കരുണാകരനും പിറകിലേക്കോടി. ഡീസലിൽ പ്രവർത്തിപ്പിക്കുന്ന ജനറേറ്റർ അപ്പോഴേക്കും ആളിക്കത്താൻ തുടങ്ങിയിരുന്നു. ജനറേറ്റർ തുറന്ന് മാത്രമേ ഓഫ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. കരുണാകരൻ അതിന് ശ്രമിച്ചെങ്കിലും തീ ആളാൻ തുടങ്ങിയതിനാൽ അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല.
ഈ സമയം തീ വകവയ്ക്കാതെ അവിടം മറികടന്ന് ശൗചാലയത്തിലുണ്ടായിരുന്ന ഒരു ബക്കറ്റ് വെള്ളം ശ്രീജിത്ത് ശക്തിയായി ജനറേറ്ററിലേക്കൊഴിച്ചു. അപ്പോഴേക്കും കരുണാകരൻ തീകെടുത്താനുള്ള ഉപകരണം ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടർന്നു. കുറച്ച് സമയത്തിനകം ഇരുവരും ചേർന്ന് തീ പൂർണമായും അണച്ചു.

