KSDLIVENEWS

Real news for everyone

ജില്ലയിലെ ഭക്ഷ്യ ഉത്പാദന യൂണിറ്റുകളിൽ ഉപയോഗിച്ച എണ്ണ ബയോഡീസലാക്കി മാറ്റും ;
ഇങ്ങനെ ജില്ലയിൽ നിന്ന് ശേഖരിച്ചത് 700 ലിറ്റർ ഉപയോഗിച്ച എണ്ണയാണ്

SHARE THIS ON

കാസർഗോഡ് • ഭക്ഷ്യഉത്പാദന യൂണിറ്റുകളിൽ ഉപയോഗിച്ച എണ്ണ ബയോഡീസലാക്കി മാറ്റുന്ന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ഫുഡ്‌സേഫ്റ്റി സ്റ്റാൻഡേർഡ്‌ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂക്കോ പദ്ധതിയുടെ ഭാഗമായി ജില്ലയിൽനിന്ന്‌ രണ്ടുമാസ കാലയളവിൽ 700 ലിറ്റർ ഉപയോഗിച്ച എണ്ണയാണ് ശേഖരിച്ചത്. ഇവ പഞ്ചാബിലെ പ്ലാന്റിൽനിന്നും ബയോഡീസലാക്കി മാറ്റും. ഇത് പിന്നീട് പെട്രോളുമായി ചേർത്ത് വാഹനങ്ങളിൽ ഉപയോഗിക്കാം. 30 ശതമാനം ബയോഡീസലും 70 ശതമാനം പെട്രോളും ചേർന്നാണ് ഉപയോഗിക്കുക.
ജില്ലയിലെ ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി, കാറ്ററിങ്‌ യൂണിറ്റടക്കം 500-ഓളം ഭക്ഷ്യവസ്തുനിർമാണ ശാലകളിൽനിന്നാണ് ഇത്രയും എണ്ണ ശേഖരിച്ചത്. ജില്ലാ ഭക്ഷ്യസുരക്ഷാവകുപ്പ് എറിഗോ ബയോഫ്യൂവൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കഴിഞ്ഞ മാസമാണ് നടന്നത്.
ഭക്ഷ്യവസ്തു നിർമാണ ശാലകളിൽ കമ്പനി സ്ഥാപിച്ച ഡ്രമ്മുകളിൽനിന്നാണ് എണ്ണ ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന എണ്ണയ്ക്ക് ഗുണനിലവാരമനുസരിച്ച് 30 രൂപവരെ നിർമാണശാലകൾക്ക് ലഭിക്കും. എണ്ണയുടെ ടോട്ടൽ പോളാർ കോമ്പൗണ്ടിന് (ടി.പി.സി.) അനുസരിച്ചാണ് വില നിർണയിക്കുക. ഒരു ലിറ്ററിൽ 25 ടി.പി.സി. കൂടുതലാണെങ്കിൽ എണ്ണ ഭക്ഷ്യോപയോഗമല്ലെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് ചട്ടം.
ഇത്തരത്തിൽ ടി.പി.സി. കൂടുന്നതിനനുസരിച്ച് എണ്ണയ്ക്ക് നൽകുന്ന വില കുറയും. എണ്ണ നിറയുന്നതിന് അനുസരിച്ച്‌ കമ്പനി ഹോട്ടലുകളിൽ ചെന്നാണ് എണ്ണ ശേഖരിക്കുക. പഴകിയ എണ്ണയ്ക്ക്‌ പൈസയും ലഭിക്കുമെന്നതിനാൽ കൂടുതൽ പേർ ഈ പദ്ധതിയോട് ചേർന്നതായി കമ്പനി അധികൃതർ പറഞ്ഞു.
നിലവിൽ സംസ്ഥാനത്ത് പ്ലാന്റില്ലാത്തതിനാൽ പഞ്ചാബിൽനിന്നാണ് എണ്ണ ബയോഡീസലാക്കി മാറ്റുന്നത്. കമ്പനിക്ക് വ്യവസായവകുപ്പ് അനന്തപുരം വ്യവസായ മേഖലയിൽ അനുവദിച്ച രണ്ടേക്കർ സ്ഥലത്ത് 100 ടൺ പ്രതിദിന ശേഷിയുള്ള ബയോഡീസൽ പ്ലാന്റിന്റെ നിർമാണം നടക്കുകയാണ്. 2021-ഓടെ ഇത് പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!