കഫീല്‍ഖാനെ വിട്ടയച്ച വിധിക്കെതിരെ യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ലഖ്നൗ: ഡോ.കഫീൽ ഖാനെ വിട്ടയച്ച അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യുപി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. പൗരത്വനിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രകോപനപരമായി സംസാരിച്ചെന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമപ്രകാരം യുപി സർക്കാർ ജയിലിലാക്കിയ ഡോ.കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി സെപ്റ്റംബർ ഒന്നാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്.
കഫീൽ ഖാനെ തടവിലാക്കിയത് നിയമവിരുദ്ധമാണെന്ന് വിധിയിൽ ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റങ്ങളിൽ യാതൊരു തെളിവുമില്ല. വിദ്വേഷപ്രചരണവുമായി ബന്ധപ്പെട്ട യാതൊന്നും കഫീൽ ഖാന്റെ പ്രസംഗത്തിലില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ പലതവണ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തിയാണ് കഫീൽഖാനെന്നും ഇതിന്റെ തുടർച്ചയായി അച്ചടക്കനടപടിയും ആരോഗ്യസേവനരംഗത്ത് നിന്ന് പുറത്താക്കപ്പെടുകയും അടക്കമുള്ള നടപടികൾ നേരിട്ടിട്ടുണ്ടെന്നും യുപി സർക്കാർ ഹർജിയിൽ പറയുന്നു.
കഴിഞ്ഞവർഷം അലിഗഢ് സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രസംഗിച്ചതിനാണ് ദേശീയ സുരക്ഷാനിയമം പ്രകാരം കുറ്റം ചുമത്തി കഫീൽ ഖാനെ തടവിലാക്കുന്നത്. ജനുവരി 29-നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ജയിൽ മോചിതനായ ശേഷം തനിക്ക് ജോലി തിരികെ നൽകണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെടുമെന്ന് കഫീൽഖാൻ പറഞ്ഞിരുന്നു.
2017-ൽ ഓക്സിജൻ കിട്ടാതെ നിരവധി കുട്ടികൾ മരിച്ച സംഭവത്തെ തുടർന്ന് ഗൊരഖ്പുരിലെ ബി.ആർ.ഡി.മെഡിക്കൽ കോളേജിൽ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. സർക്കാർ ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടറുകളുടെ അഭാവമാണ് കുട്ടികളുടെ കൂട്ടമരണത്തിന് ഇടയാക്കിയതെന്ന ആരോപണം സർക്കാരിന് വലിയ തിരിച്ചടിയായിരുന്നു.
പിന്നീട് നടന്ന വകുപ്പുതല അന്വേഷണത്തിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയെങ്കിലും പൗരത്വനിയമഭേദഗതിക്കെതിരായ പ്രസംഗത്തിന്റെ പേരിൽ തടവിലാക്കുകയായിരുന്നു.

