അമിത് ഷായുടെ വസതിക്ക് മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങിയ എഎപി നേതാവ് രാഘവ് ചദ്ദ കസ്റ്റഡിയില്‍

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ലഫ്റ്റനന്റ് ഗവർണറുടെയും വസതികൾക്ക് പുറത്ത് പ്രതിഷേധത്തിനൊരുങ്ങിയ രാഘവ് ചദ്ദ, അതിഷി അടക്കം നാല് ആം ആദ്മി പാർട്ടി നേതാക്കളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ (എൻഡിഎംസി) ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് അമിത് ഷായ്ക്കെതിരേ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താൻ ആം ആദ്മി നേതാക്കൾ പദ്ധതിയിട്ടിരുന്നു.
ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന്റെ വസതിക്ക് സമീപത്തുനിന്നാണ് അതിഷിയെ കസ്റ്റഡിൽ എടുത്തത്. ലഫ്റ്റനന്റ് ഗവർണറുടെ വസതിക്ക് പുറത്ത് പ്രതിഷേധം നടത്താനാണ് അവർ പദ്ധതിയിട്ടിരുന്നത്. ഇവരെ കൂടാതെ സഞ്ജീവ് ഝാ, കുൽദീപ് കുമാർ എന്നിവരെ അവരുടെ മണ്ഡലങ്ങളിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു.
അമിത് ഷായുടെ വസതിക്ക് പുറത്ത് പ്രകടനം നടത്തണമെന്ന രാഘവ് ചദ്ദയുടെ ആവശ്യം നേരത്തെ ഡൽഹി പോലീസ് നിരസിച്ചിരുന്നു. കോവിഡ് സ്ഥിതിഗതികൾ കണക്കിലെടുത്താണ് ചദ്ദയുടെ ആവശ്യം നിരസിച്ചത്. ആഭ്യന്തരമന്ത്രിയുടെ വസതിക്ക് പുറത്ത് ഒരുതരത്തിലുള്ള ഒത്തുചേരലും അനുവദനീയമല്ലെന്ന് പോലീസ് അറിയിച്ചു. മാത്രമല്ല, ന്യൂഡൽഹിയിൽ 144 പ്രാബല്യത്തിലുണ്ടെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ ഓഫീസിൽ നിന്ന് ചദ്ദയ്ക്ക് അയച്ച കത്തിൽ പറയുന്നു.
നോർത്ത് ഡൽഹി, സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനുകളിൽ 2,500 കോടി രൂപ ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് പാർട്ടി വക്താവ് അതിഷി പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടിരുന്നു.

