KSDLIVENEWS

Real news for everyone

സന്തോഷത്തിന്റെ ദിനം, പിന്നാലെ നാടിനെ നടുക്കി ബോബേറ്; കൊല്ലപ്പെട്ടത് കുടുംബത്തിന്‍റെ ഏക ആശ്രയം

SHARE THIS ON

തോട്ടട : അപൂർവങ്ങളിൽ അപൂർവമായ കൊലപാതകങ്ങൾക്ക് കണ്ണൂർ പലപ്പോഴും സാക്ഷ്യംവഹിച്ചിട്ടുണ്ട്. പലതും രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമായിരുന്നു. എന്നാൽ ഒരു വിവാഹപാർട്ടിയിൽ പങ്കെടുക്കവേ ഒരാൾ ബോംബേറിൽ കൊല്ലപ്പെട്ട സംഭവം ശരിക്കും നാടിനെ നടുക്കി. കല്യാണവീടിന് തൊട്ടടുത്തുനടന്ന ബോംബേറിൽ തല പൂർണമായും തകർന്ന് മരിച്ച യുവാവിന്റെ മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്നു. മൃതദേഹം മാറ്റാൻ വൈകിയതിൽ മേയർ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തുകയുംചെയ്തു.

വിവാഹപ്പാർട്ടിക്കൊപ്പം വാഹനത്തിൽ പ്രത്യേക ഡ്രസ് കോഡിൽ എത്തിയ സംഘമാണ് അക്രമം കാണിച്ചതെന്ന് കണ്ടുനിന്നവർ പറഞ്ഞു. പടക്കം പൊട്ടിച്ചും അലങ്കാരവസ്തുക്കൾ വാരിയെറിഞ്ഞും ആർപ്പുവിളികളോടെയാണ് വിവാഹസംഘമെത്തിയത്. അതിനിടയിലാണ് ബോംബേറുണ്ടായത്. ജിഷ്ണുവിന്റെ തലയിൽ വീണ ബോംബ് പൊട്ടിച്ചിതറുകയായിരുന്നു. ഉഗ്രസ്ഫോടനത്തിൽ ബോംബിന്റെ ചീളുകൾ തെറിച്ച് മൂന്നുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.


സ്ഫോടനത്തിന്റെ ശക്തിയിൽ ജിഷ്ണുവിന്റെ ശരീരഭാഗങ്ങൾ സമീപത്തെ പറമ്പിലേക്ക് തെറിച്ചിട്ടുണ്ടായിരുന്നു. ആളുകൾ നിലവിളിച്ച് പലഭാഗത്തേക്കും ഓടി. അതോടെ സംഘം അവർ വന്ന വാഹനത്തിൽ കയറി കണ്ണൂർ ഭാഗത്തേക്ക് പോയതായി ദൃക്സാക്ഷികൾ പറയുന്നു. സംഘത്തിൽ ചിലർ ഓടിപ്പോകുന്ന സി.സി.ടി.വി. ദൃശ്യം ലഭിച്ചിട്ടുണ്ട്.

വിവാഹത്തിൽ പങ്കെടുക്കാനെത്തിയ യുവാവ് കൊല്ലപ്പെട്ടതറിഞ്ഞതോടെ വിവാഹവീടും പരിസരവും ദുഃഖസാന്ദ്രമായി. മരിച്ചയാൾ ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീടാണ് ഏച്ചൂരിൽ നിന്നുള്ള യുവാക്കളുടെ സംഘത്തിൽപ്പെട്ടയാളാണെന്ന് മനസ്സിലായത്. സംഭവമറിഞ്ഞ് രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെ വൻ ജനക്കൂട്ടംതന്നെ സ്ഥലത്തെത്തി. മേയർ അഡ്വ. ടി.ഒ.മോഹനൻ, ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്, കോൺഗ്രസ് നേതാവ് എം.കെ.മോഹനൻ, സി.പി.എം. നേതാക്കളായ എൻ.ചന്ദ്രൻ, എം.കെ.മുരളി തുടങ്ങിയവർ സ്ഥലത്തെത്തി.


കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി പി.ആർ.രാജീവ്, എ.എസ്.പി. വിജയഭരത് റെഡ്ഡി, എ.സി.പി. പി.പി.സദാനന്ദൻ, എടക്കാട് ഇൻസ്പെക്ടർ എം.അനിൽ എന്നിവർ സംഭവസ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഫൊറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.

സ്ഥലത്ത് സംഘർഷാവസ്ഥ

ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടയാളിന്റെ മൃതദേഹം നീക്കംചെയ്യാതെ റോഡിൽ ഒന്നരമണിക്കൂറോളം കിടന്നതിനെത്തുടർന്ന് കോൺഗ്രസ് നേതാക്കളും സി.പി.എം. പ്രവർത്തകരും തമ്മിൽ സ്ഥലത്ത് വാക്കേറ്റമുണ്ടായി. ഇതുസംബന്ധിച്ച് ദൃശ്യമാധ്യമങ്ങളോട് ചില കോൺഗ്രസ് നേതാക്കൾ പറഞ്ഞതാണ് സി.പി.എം. പ്രവർത്തകരെ പ്രകോപിപ്പിച്ചത്. ഇതേത്തുടർന്നായിരുന്നു വാക്കേറ്റം. മേയർ ടി.ഒ.മോഹനൻ, ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഡി.സി.സി. സെക്രട്ടറി എം.കെ മോഹനൻ എന്നിവരും സി.പി.എം. പ്രവർത്തകരും തമ്മിലാണ് വാക്തർക്കമുണ്ടായത്. പോലീസും സി.പി.എം. നേതാക്കളും ഇടപെട്ട് സ്ഥിതി ശാന്തമാക്കി. ഉടൻതന്നെ ആംബുലൻസെത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.


Mathrubhumi Malayalam News
ബോംബേറിൽ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹത്തിനരികിൽ പൊട്ടാതെ ശേഷിച്ച ബോംബ് നിർവീര്യമാക്കാനായി ബോംബ് സ്ക്വാഡ് എടുത്തുമാറ്റുന്നു
ബോംബ് സംഘടിപ്പിച്ചതിൽ ദുരൂഹത

കണ്ണൂർ: തോട്ടടയിൽ വിവാഹസംഘത്തിനുനേരേ എറിഞ്ഞ ബോംബ് സംഘടിപ്പിച്ചത് എവിടെനിന്നാണെന്നതിൽ ദുരൂഹത. രണ്ട് ബോംബാണ് എറിഞ്ഞത്. അതിൽ ഒന്നാണ് പൊട്ടിയത്. പൊട്ടാത്ത ഒന്ന് ബോംബ് സ്ക്വാഡ് നിർവീര്യമാക്കി. ആദ്യത്തെ ബോംബ് പൊട്ടാത്തതിനെതുടർന്നാണ് രണ്ടാമത്തെ ബോംബെറിഞ്ഞതെന്നാണ് കരുതുന്നത്. സംഘം വന്ന വാഹനത്തിൽ മറ്റ് ആയുധങ്ങളുമുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്. ഒരു ബോംബിന് പുറമേ ഏഴ് ഗുണ്ടുപടക്കവും ലഭിച്ചതായി പോലീസ് പറഞ്ഞു.

തലേദിവസം ഉണ്ടായ നിസ്സാര തർക്കത്തിന് പ്രതികാരമായി പിറ്റേന്ന് ഉഗ്രശേഷിയുള്ള ബോംബുമായി യുവാക്കളുടെ സംഘം എത്തിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. വിവാഹസമയംതന്നെ ബോംബാക്രമണത്തിന് തയ്യാറെടുക്കാനുള്ള മാനസികാവസ്ഥ കൊടും ക്രിമിനലുകൾക്കുപോലും ഉണ്ടാകില്ലെന്ന് നാട്ടുകാർ പറയുന്നു. യുവാക്കൾ എവിടെനിന്നാണ് ബോംബ് സംഘടിപ്പിച്ചതെന്ന ചോദ്യം ബാക്കിയാണ്. കണ്ണൂരിൽ രാഷ്ട്രീയസംഘർഷത്തിന്റെ ഭാഗമായി ചില സംഘങ്ങൾ ബോംബുകൾ നിർമിക്കുന്നത് പരസ്യമായ രഹസ്യമാണ്.


ദുരന്തവാർത്ത ഉൾക്കൊള്ളാനാവാതെ ഏച്ചൂർ; നഷ്ടമായത് കുടുംബത്തിന്റെ ഏക ആശ്രയം

ഏച്ചൂർ: തോട്ടടയിൽ പട്ടാപ്പകലുണ്ടായ ബോംബേറിൽ ഏച്ചൂർ പാതിരിക്കാട് സ്വദേശിയായ യുവാവിന്റെ ദാരുണാന്ത്യം ഉൾക്കൊള്ളാനാവാതെ ഗ്രാമം. തോട്ടടയിലെ കല്യാണത്തിൽ പങ്കെടുക്കാൻ കൂട്ടുകാർക്കൊപ്പം എത്തിയ ഏച്ചൂർ പാതിരിക്കാട് സി.എം.ജിഷ്ണു മരിച്ച സംഭവം പ്രദേശത്തുകാർ ഞെട്ടലോടെയാണ് കേട്ടത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം രണ്ടരയോടെയാണ് ബോംബേറിൽ ജിഷ്ണു കൊല്ലപ്പെട്ടത്. നിർമാണപ്രവൃത്തികൾ കരാറടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്ന ജോലിചെയ്തുവരികയായിരുന്നു ഇയാൾ. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു.

വരന്റെ അച്ഛന്റെ കുടുംബവീട് നേരത്തെ ഏച്ചൂരിലായിരുന്നു. പിന്നീടിവർ തോട്ടടയിലേക്ക് മാറി. നേരത്തേയുണ്ടായിരുന്ന സൗഹൃദത്തിന്റെ ഭാഗമായാണ് ജിഷ്ണുവും സുഹൃത്തുക്കളും പ്രത്യേക വാഹനത്തിൽ കല്യാണത്തിൽ പങ്കെടുക്കാൻ എത്തിയത്. വിവാഹം കഴിഞ്ഞ് വിവാഹസംഘം തോട്ടടയിലുള്ള വരന്റെ വീട്ടിലേക്ക് മടങ്ങിവരുന്ന വഴിയിൽ റോഡിൽവെച്ചാണ് ഇയാൾ കൊല്ലപ്പെട്ടത്. നല്ലൊരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നു ജിഷ്ണു. പരേതനായ ബാലക്കണ്ടി മോഹനന്റെയും മുനിസിപ്പാലിറ്റി ജീവനക്കാരിയായി വിരമിച്ച ചന്ദ്രോത്ത് മടപ്പുര ശ്യാമളയുടെയും മകനാണ്. സഹോദരൻ മേഘുൽ പഠനം കഴിഞ്ഞ് ജോലിക്ക് ശ്രമിക്കുന്നു.


സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും കുറ്റക്കാർ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

Mathrubhumi Malayalam News
സംഭവമറിഞ്ഞ് തടിച്ചുകൂടിയ ജനങ്ങൾ
അതിരില്ലാത്ത ആഭാസം

തോട്ടട : വിവാഹവീടുകളിൽ സൃഹുത്തുക്കളെന്ന പേരിൽ ചിലർ കാട്ടിക്കൂട്ടുന്ന ആഭാസത്തിന് ഇപ്പോഴും ശമനമില്ല. കല്യാണവീടുകളിൽ കണ്ണീരിനിടയാക്കുന്ന ഇത്തരം പ്രവൃത്തികൾ ഒരുകാലത്ത് വ്യാപകമായിരുന്നു. തോട്ടടയിൽ കഴിഞ്ഞ ദിവസം നടന്ന കൊലപാതകം ഈ ആഭാസത്തിന്റെ അതിഭീകരമായ പതിപ്പാണെന്ന് പറയാം.


വിവാഹത്തലേന്ന് പാട്ടും കൂത്തും ബഹളവും ഇപ്പോഴും പലയിടങ്ങളിലും നടക്കുന്നുണ്ട്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ അൽപ്പം സാമാധാനമുണ്ടാക്കിയെങ്കിലും നിയന്ത്രണങ്ങൾ കുറഞ്ഞുവരുന്നത് ഇത്തരം പ്രവൃത്തികൾ വീണ്ടും വഴിവെച്ചിട്ടുണ്ടെന്ന് തോട്ടടയിലെ നാട്ടുകാർ പറയുന്നു.

വിവാഹശേഷം വധൂവരൻമാരെ വീട്ടിലേക്ക് ആനയിക്കുന്നതിലും ഇത്തരക്കാരുടെ ആഭാസങ്ങൾ നീളുന്നു. ഇതൊക്കെ പലപ്പോഴും പ്രതിഷേധത്തിന് കാരണമാകാറുണ്ട്. നേരത്തെ ചില പഞ്ചായത്തുകളും നാട്ടുകൂട്ടങ്ങളും ഇത്തരം ആഭാസത്തരങ്ങൾ ഒഴിവാക്കുന്നതിന് ശക്തമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.

മൂന്നുകാര്യങ്ങൾ അന്വേഷണത്തിൽ-സിറ്റി പോലീസ് കമ്മിഷണർ


കണ്ണൂർ: ജിഷ്ണു മരിച്ച സംഭവത്തിൽ സ്ഫോടനം നടന്നിട്ടുണ്ടെന്ന് വ്യക്തമായതായി സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു.

കല്യാണം കഴിഞ്ഞ് വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴുള്ള ആഹ്ളാദപ്രകടനത്തിനിടയ്ക്ക് നടന്ന സ്ഫോടനമാണിത്. അതിനപ്പുറമുള്ള അന്വേഷണത്തിലാണ് പോലീസ്. മൂന്നു പ്രധാന കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ചില കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആരാണ്, ആരെ ലക്ഷ്യംവെച്ചാണ് ചെയ്തത്, മുൻവൈരാഗ്യം ഉണ്ടോ, ആഹ്ളാദപ്രകടനത്തിനിടയിൽ അറിയാതെ പൊട്ടിയതാണോ ഇവയെല്ലാം പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!