ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറ് പവന്‍ സ്വര്‍ണം കവര്‍ന്നത് 12 അംഗ സംഘം; അഞ്ച് പേര്‍ പിടിയില്‍

തിരുവനന്തപുരം: ദേശീയപാതയിൽ പള്ളിപ്പുറത്ത് ആഭരണവ്യാപാരിയെ ആക്രമിച്ച് നൂറുപവൻ സ്വർണം കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. പെരുമാതുറ, പള്ളിപ്പുറം സ്വദേശികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ കിളിമാനൂർ പോലീസ് സ്റ്റേഷനിൽ വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവർ സഞ്ചരിച്ച കാറും പിടികൂടിയിട്ടുണ്ട്.
പെരുമാതുറ, പള്ളിപ്പുറം മേഖലകളിലുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് നൽകുന്നവിവരം. 12 അംഗ സംഘമാണ് കവർച്ച നടത്തിയത്. ഇവരിൽ ബാക്കിയുള്ള പ്രതികളെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ മംഗലപുരം കുറക്കോട് ടെക്നോസിറ്റിക്കു സമീപം വച്ചാണ് ആഭരണ വ്യാപാരിയായ സമ്പത്തും മറ്റു രണ്ടുപേരും യാത്രചെയ്തിരുന്ന കാർ തടഞ്ഞുനിർത്തി സ്വർണം കവർന്നത്. സ്വർണ ഉരുപ്പടികൾ നിർമിച്ച് ജൂവലറികൾക്കു നൽകുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവർ അരുണിനെയും ബന്ധു ലക്ഷ്മണനെയുമാണ് ആക്രമിച്ചത്.
നെയ്യാറ്റിൻകര ഭാഗത്തുനിന്നുമാണ് സമ്പത്ത് എത്തിയത്. ഇവരെ പിന്തുടർന്ന് കാറിലെത്തിയതാണ് അക്രമിസംഘം. ആറ്റിങ്ങലിലെ ഒരു ജൂവലറിയിലേക്കു കൊടുക്കാനായി കൊണ്ടുവന്ന നൂറുപവനോളം വരുന്ന സ്വർണം തട്ടിയെടുത്തുവെന്നാണ് കേസ്.
കഴിഞ്ഞദിവസം പ്രതികൾ സഞ്ചരിച്ച കാറുകളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അഞ്ച് പ്രതികളെ പോലീസ് പിടികൂടിയത്.

