സര്‍ക്കാര്‍ നിയമിച്ച ലോകായുക്തക്കെതിരേ സര്‍ക്കാര്‍ തന്നെ ഹര്‍ജിയുമായി നീങ്ങുന്നു- രമേശ് ചെന്നിത്തല

തിരുവനന്തപുരം: സർക്കാർ നിയമിച്ച ലോകായുക്തക്കെതിരെയാണ് ഇപ്പോൾ സർക്കാർ തന്നെ റിട്ട് ഹർജിയുമായി നീങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സർക്കാർ കോടതിയെ സമീപിച്ചേക്കുമെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും താനും സ്പീക്കറും ചേർന്ന സമിതിയാണ് ലോകായുക്തയെ തിരഞ്ഞെടുത്തത്. തന്റെ ശുപാർശയുടെ അടിസ്ഥാനത്തിലല്ല ലോകായുക്ത തീരുമാനമെടുത്തത്. ലോകായുക്ത വിധി വന്ന ആ നിമിഷം ജലീൽ രാജിവെച്ചിരുന്നെങ്കിൽ ധാർമികതയുണ്ടെന്ന് പറയാമായിരുന്നു എന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. ലോകായുക്തക്കെതിരേ സർക്കാർ റിട്ട് ഹർജി സമർപ്പിക്കുകയാണെങ്കിൽ എന്തിന് വേണ്ടിയായിരുന്നു ജലീലിന്റെ രാജി നാടകമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ചോദിച്ചു. ആരുടെ നിർദേശപ്രകാരമാണ് രാജിനാടകം നടത്തിയതെന്നും ജലീലിന്റെ രാജി മുഖംരക്ഷിക്കാൻ വേണ്ടിയുള്ള നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സർക്കാരിന് മേൽക്കോടതിയെ സമീപിക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ നിയമോപദേശം നൽകിയിരുന്നു. പരാതിയിൽ സർക്കാരിന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം ലഭിച്ചില്ലെന്നും അതിനാൽ കോടതിയെ സമീപിക്കാമെന്നുമായിരുന്നു നിയമോപദേശത്തിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഇത് പരിഗണിച്ച് ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സർക്കാർ കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.

