നന്ദി നന്ദി നന്ദി, മുഖ്യമന്ത്രിയോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തത് -വൈകാരിക പ്രതികരണവുമായി ജലീല്‍

മലപ്പുറം: : ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലിൽ രാജിവെച്ചതിന് പിന്നാലെ പുതിയ ഫേസ്ബുക് കുറിപ്പുമായി മന്ത്രി കെ.ടി ജലീൽ. ഒരു നയാപൈസ സർക്കാറിന്റെയോ ഏതെങ്കിലും വ്യക്തികളുടേതോ കൈയ്യിൽ പറ്റാതത്ര സൂക്ഷ്മത പുലർത്തിയിട്ടുണ്ട് എന്ന കൃതാർഥതയോടു കൂടിയാണ് നാട്ടിലേക്ക് മടങ്ങുന്നതെന്ന് ജലീൽ പറഞ്ഞു. പിതൃ വാൽസല്യത്തോടെ സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ഇടപെടലുകൾ ജീവിതത്തിൽ മറക്കാനാകില്ല. പരമാവധി ഉപകാരം ജനങ്ങൾക്ക് ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും ജലീൽ പറഞ്ഞു. കെ.ടി ജലീൽ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്: നന്ദി നന്ദി നന്ദി….. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പാണ് അക്കൗണ്ടിൽ എത്ര രൂപ മിച്ചമുണ്ടെന്ന് പരിശോധിച്ചത്. പത്തു വർഷത്തെ MLA ശമ്പളവും 5 വർഷത്തെ മന്ത്രി ശമ്പളവും മാസാമാസം ആവശ്യത്തിനുള്ളത് എടുത്തിട്ട് ട്രഷറി എക്കൗണ്ടിൽ ശേഷിപ്പ്, കഴിഞ്ഞ മാസത്തെ ശമ്പളമുൾപ്പടെ രണ്ടുലക്ഷത്തി പതിനായിരത്തോളം രൂപയാണ്. നിയമസഭാ സാമാജികർക്കുള്ള ലോൺ വകയിൽ എടുത്ത 5 ലക്ഷം രൂപയിലേക്ക് ഇനി തിരിച്ചടക്കാനുള്ള ഒരു ലക്ഷം രൂപ തിരിച്ചടച്ച് പുരയിടത്തിൻ്റെ ആധാരം കൈപ്പറ്റിയാൽ ബാക്കിയുണ്ടാവക ഒരു ലക്ഷത്തി പതിനായിരം രൂപ. ഒരു നയാപൈസ സർക്കാരിൻ്റേയോ ഏതെങ്കിലും വ്യക്തികളുടേതോ ഒരു കണികയെങ്കിലും എൻ്റെ കയ്യിൽ പറ്റാതത്ര സൂക്ഷ്മത പുലർത്തിയിട്ടുണ്ട് എന്ന കൃതാർത്ഥതയോടു കൂടിയാണ് നാട്ടിലേക്കുള്ള മടക്കം. മറിച്ചൊരഭിപ്രായം ആർക്കെങ്കിലുമുണ്ടെങ്കിൽ അവർക്കത് പരസ്യമായി പറയാം.

